ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് ഓപ്പണര്‍മാരാണ്. രണ്ട് മത്സരത്തിന് ശേഷവും മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കോ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനോ സാധിച്ചിട്ടില്ല.
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇരുവരും സമ്പൂര്‍ണ പരാജയമായിരുന്നു. എട്ട് പന്തില്‍ നിന്നും നാല് റണ്‍സുമായി കെ.എല്‍. രാഹുലും ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി രോഹിത് ശര്‍മയും പുറത്തായി.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിളങ്ങിയിരുന്നു. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ പ്രത്യേകിച്ച ഒരു മാറ്റവും ഉണ്ടായിരുന്നില്ല. സാധാരണ കുഞ്ഞന്‍ ടീമുകളെ ആക്രമിച്ചുകളിക്കുന്ന രാഹുലിന് ഈ മത്സരത്തിലും കാലിടറി. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്.
എന്നാല്‍ മോശം ഫോം തുടരുമ്പോഴും ഇലവനില്‍ നിന്നും കെ.എല്‍. രാഹുലിനെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. രാഹുലിനെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള സഹചര്യം നിലവില്‍ ഇല്ലെന്നാണ് ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറയുന്നത്.
റിഷബ് പന്ത് ഒരു ഓപ്ഷനായി മുമ്പിലുണ്ടെങ്കിലും, ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ ചില കാമിയോ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും താരത്തെ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് റാത്തോര്‍ പറയുന്നത്. തന്റെ അവസരത്തിനായി പന്ത് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ പന്തിന്റെ കാര്യം ചിന്തിക്കുന്നില്ല,’ എന്നായിരുന്നു ഇക്കാര്യത്തില്‍ റാത്തോറിന്റെ മറുപടി.
‘കെ.എല്‍. രാഹുലിനെ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള കൃത്യമായ സാഹചര്യം നിലവിലില്ല. നെറ്റ് സെഷനിലെല്ലാം തന്നെ രാഹുല്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ഞങ്ങള്‍ അവനൊപ്പമാണ്,’ റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.
വിക്കറ്റ് കീപ്പറുടെ റോളില്‍ മാനേജ്‌മെന്റ് പന്തിനേക്കാളുപരി വിശ്വാസമര്‍പ്പിക്കുന്നത് ദിനേഷ് കാര്‍ത്തിക്കിനെയാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു
എന്നാല്‍ പന്ത് മികച്ച ബാറ്ററാണെന്നും ടീമിനെ വിജയിപ്പിക്കാന്‍ കെല്‍പുള്ളവനാണെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘നമുക്ക് 11 പേരെ മാത്രമേ കളത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. പന്ത് വിനാശകാരിയായ ഒരു ബാറ്റര്‍ ആണെന്നും ഏത് ടീമിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇന്ത്യയെ ജയിപ്പിക്കാനും കെല്‍പുള്ളവനാണെന്നും എനിക്കറിയാം.
അവന്റെ ചാന്‍സിനെ കുറിച്ച് അവന്‍ തന്നെ സൂചിപ്പിച്ചിരുന്നു. അവന്റെ അവസരമെത്തുമ്പോള്‍ ഇന്ത്യക്കായി കളിക്കാന്‍ പന്ത് ശാരീരികമായും മാനസികമായും ഒരുങ്ങിയിരിക്കുകയാണ്,’ റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.
സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന മത്സരത്തിന് ഒപ്റ്റസ് സ്റ്റേഡിയമാണ് വേദിയാകുന്നത്.
Content highlight: After two defeats in the ICC T20 World Cup, India refused to drop KL Rahul, Rishabh Pant had to wait to get a chance.