കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് വേണ്ടി വീണ്ടും സിനിമയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ വാര്‍ത്താ എജന്‍സിയായ ഐ.എ.എന്‍.എസ് ( ഇന്തോ-എഷ്യന്‍ ന്യൂസ് എജന്‍സി) ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അമ്മയില്‍ അംഗങ്ങളായ ചെറുതും വലുതുമായ മുഴുവന്‍ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു സിനിമയൊരുക്കാനാണ് തീരുമാനം. സംവിധായകന്‍ ടി.കെ രാജീവ് കുമാറാണ് സിനിമയൊരുക്കുന്നത്.
മുമ്പ് അമ്മ നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രം പോലെ തന്നെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുക കാണുന്നതിന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊവിഡ് ഭീഷണി മൂലം സാമ്പത്തികമായി തകര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിനും തുക ചിലവഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടതെന്നും ഇയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം ചിത്രം ആര് നിര്‍മ്മിക്കുമെന്നുള്ള കാര്യം പുറത്തുവിട്ടിട്ടില്ല. അമ്മ തന്നെ ചിത്രം നിര്‍മ്മിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിനായുള്ള കഥ ടി.കെ രാജീവ് കുമാറിന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ലാണ് ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി റിലീസ് ചെയ്തത്.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് ആയിരുന്നു. സുരേഷ് പീറ്റേഴ്‌സും ബേണി ഇഗ്നേഷ്യസുമായിരുന്നു ചിത്രത്തിന്റെ സംഗീതം.
അഭിനയിച്ച താരങ്ങള്‍ ആരും തന്നെ പ്രതിഫലം വാങ്ങാതെയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പുതിയ ചിത്രത്തിലും സമാനമായ രീതിയില്‍ താരങ്ങള്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിച്ച് 30 കോടിയോളമായിരുന്നു ട്വന്റി ട്വന്റി കളക്ട് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക