| Friday, 20th April 2018, 3:08 pm

ഉന്നതരുമായി കിടക്കപങ്കിടാത്ത ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരികയോ ആവില്ല; വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി നേതാവ് എസ്. വി ശേഖര്‍.

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവവുമായി ബന്ധപ്പെട്ട് തിരുമലൈ എസ്. എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ബി.ജെ.പി നേതാവ് ഷെയര്‍ ചെയ്തത്.

ഉന്നതരുമായി കിടക്കപങ്കിടാത്ത ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരികയോ ആയി എത്തില്ലെന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംഗതി വിവാദമായതിന് പിന്നാലെ ബി.ജെ.പി നേതാവ് ഫേസ്ബുക്ക് കുറിപ്പ് നീക്കം ചെയ്യുകയും ചെയ്തു.


dont Miss കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടികളുമായും സഖ്യമുണ്ടാക്കില്ലെന്ന് സിദ്ധരാമയ്യ; മോദി പറഞ്ഞവാക്ക് പാലിക്കാത്തവനെന്നും വിമര്‍ശനം


മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒന്നടങ്കം അധിക്ഷേപ വാക്കുകളാല്‍ പൊതിയുന്നുണ്ട്
ഇദ്ദേഹം. നിരക്ഷരരായ തെമ്മാടികളാണ് മാധ്യമരംഗത്ത് ഇപ്പോള്‍ ഉള്ളതെന്നും ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്ന മാധ്യമപ്രവര്‍ത്തകയും ഇക്കൂട്ടത്തില്‍പ്പെടുമെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാള്‍ കൂടുതല്‍ പീഡനം നടക്കുന്നത് മാധ്യമ സ്ഥാപനങ്ങളിലാണ്. എന്നാല്‍ അതൊന്നും പുറം ലോകം അറിയില്ല. വലിയ വലിയ ആളുകള്‍ക്കൊപ്പം കിടക്ക പങ്കിടാത്ത ഒരു സ്ത്രീയും റിപ്പോര്‍ട്ടറോ അവതാരികയോ ആവില്ല.

തന്റെ മുഖത്ത് ഗവര്‍ണര്‍ തലോടിയതിന് പിന്നാലെ നിരവധി തവണ മുഖം കഴുകിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പ്രസ്താവനയേയും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തൊട്ട കൈ ഗവര്‍ണര്‍ സ്വന്തം കൈ ഫിനോള്‍ ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

മാധ്യമരംഗത്ത് ചുരുക്കം ചിലര്‍ ഉണ്ട്. നല്ല വ്യക്തിത്വത്തിനുടമകള്‍. തനിക്ക് അവരോട് മാത്രമേ ബഹുമാനമൂള്ളൂവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

എന്നാല്‍ സംഗതി വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ശേഖര്‍ റെഡ്ഡി രംഗത്തെത്തി. മുഴുവന്‍ വായിച്ചുനോക്കാതെയാണ് ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്‌തെന്നും താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് എന്നെ ബ്ലോക്ക് ചെയ്തു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് എന്റെ അക്കൗണ്ട് എനിക്ക് തിരിച്ചുകിട്ടില്ല.

അമേരിക്കയില്‍ കഴിയുന്ന തിരുമലൈ എസ്. മോദിയുടെ കടുത്ത ആരാധകനാണെന്നും റെഡ്ഡി പറയുന്നു. സംഭവത്തിന് പിന്നാലെ റെഡ്ഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തും.

We use cookies to give you the best possible experience. Learn more