| Tuesday, 24th September 2024, 9:05 pm

തിരുപ്പതിക്ക് പിന്നാലെ സിദ്ധിവിനായക ക്ഷേത്രത്തിലും; എലിയുള്ള ലഡ്ഡുവിന്റെ വീഡിയോ, നിഷേധിച്ച് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ ട്രേയില്‍ എലികളെ കണ്ടെത്തിയതായി പ്രചരിച്ച വീഡിയോയില്‍ പ്രതികരണവുമായി സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍. പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഭാരവാഹികള്‍ വിശദമാക്കുന്നത്.

ലഡ്ഡുവിന്റെ ട്രേയില്‍ എലികളുള്ള വീഡിയോകളും ചിത്രങ്ങളുമായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ പ്രസാദമുണ്ടാക്കുന്ന സ്ഥലത്ത് വൃത്തിഹീനമായ സാഹചര്യമുണ്ടെന്ന രീതിയില്‍ ആരോപണങ്ങള്‍ വന്നിരുന്നു. ഇത് സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദമുണ്ടാക്കുന്ന സ്ഥലമാണെന്നായിരുന്നു പ്രചരിച്ചിരുന്നത്.

പിന്നാലെ പ്രചരണം നിഷേധിച്ചുകൊണ്ട് സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ രംഗത്തെത്തുകയായിരുന്നു. വീഡിയോയില്‍ കാണിക്കുന്ന സ്ഥലം ക്ഷേത്രപരിസരത്തിന്റെ ഭാഗമല്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് സദാസര്‍വങ്കര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ 25 തൊഴിലാളികള്‍ ലഡ്ഡു വിഭാഗത്തില്‍ ജോലിക്കാരായുണ്ടെന്നും 24 മണിക്കൂറും ഷിഫ്റ്റില്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

‘ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല. തിരുപ്പതി ക്ഷേത്രത്തില്‍ സമാനമായ ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ ഞങ്ങളുടെ ക്ഷേത്രത്തിന്റെ പരിസരവും പരിശോധിച്ചിരുന്നു. ശുചിത്വ-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ട്,’ സര്‍വങ്കര്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുള്ള ശ്രമമായി തോന്നുന്നെന്നും പ്രീമിയം നെയ്യുള്‍പ്പെടെയുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് പ്രസാദമുണ്ടാക്കാന്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കാറുള്ളതെന്നും സവങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ലഡ്ഡു ഉണ്ടാക്കുന്നതെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിന് പിന്നാലെ ലഡ്ഡുവിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: after tirupathi is there in sidhivinayaka temple; the authorities denied the video of rat in laddu

We use cookies to give you the best possible experience. Learn more