| Monday, 9th December 2024, 10:02 pm

മൂന്നാഴ്ചകള്‍ക്ക് ശേഷം മണിപ്പൂരിലെ ഒമ്പത് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മൂന്നാഴ്ചകള്‍ക്ക് ശേഷം മണിപ്പൂരിലെ ഒമ്പത് ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. അതേസമയം പൊതുനിയമത്തിനും ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ജനങ്ങളോണ് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍, ജിരിബാം, ഫെര്‍സാവല്‍ എന്നീ ഒമ്പത് ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ എന്നിവയുടെ നിരോധനം പിന്‍വലിച്ചത്.

നിലവിലെ ക്രമസമാധാന നിലയും ഇന്റര്‍നെറ്റ് സേവനങ്ങളുടെ പൊതുവായ മറ്റ് കാര്യങ്ങളും അവലോകനം ചെയ്തതിന് ശേഷമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്.

എല്ലാ തരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങളുടെയും ഡാറ്റാ സേവനങ്ങള്‍ കൃത്യമായ അവലോകനത്തിന് ശേഷം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര കമ്മീഷണര്‍ എന്‍. അശോക് കുമാര്‍ അറിയിക്കുകയായിരുന്നു.

രണ്ടാഴ്ചയോളം മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ആറ് ജില്ലകളിലെ സ്‌കൂളുകളും സര്‍വകലാശാലകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 23ന് പുനരാരംഭിച്ചിരുന്നു.

കൂടാതെ സംസ്ഥാനത്തെ നിരോധനാജ്ഞകളും പിന്‍വലിച്ചിരുന്നു. എന്നിരുന്നാലും റാലികള്‍ക്കോ ഒത്തുചേരലുകള്‍ക്കോ അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മണിപ്പൂരിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ക്ക് നേരെയും മറ്റും ആക്രമണങ്ങളുണ്ടാവുകയും കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

നവംബര്‍ ഏഴിന് ജിരിബാമില്‍ യുവതി കൊല്ലപ്പെട്ടതോടുകൂടിയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പിന്നാലെ സംഘര്‍ഷം തുടരുകയും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

300ഓളം പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്ത മെയ്തി-കുക്കി സംഘര്‍ഷത്തില്‍ മണിപ്പൂര്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ സംഘര്‍ഷത്തിലാണ്. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍  തുടര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ മെയ്തി ആധിപത്യമുള്ള ഇംഫാല്‍ താഴ്‌വര കുക്കി ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിന്ന് വിഭജിക്കപ്പെട്ടിരുന്നു.

Content Highlight: After three weeks, the internet ban was lifted in nine districts of Manipur

We use cookies to give you the best possible experience. Learn more