അബുദാബി: യുദ്ധാനന്തരം ഗസയുടെ പുനര്‍നിര്‍മാണത്തിനായി സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇ. ഗസയിലെ ഫലസ്തീനികള്‍ക്കായുള്ള ബഹുരാഷ്ട്ര ദൗത്യത്തിലേക്ക് സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്).
വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക വക്താവ് ലാന നുസെയ്‌ബെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗസയുടെ പ്രതിരോധത്തിനും ഫലസ്തീനിലെ മാനുഷിക, പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് നുസെയ്‌ബെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഗസയിലെ യുദ്ധാനന്തര പദ്ധതികള്‍ക്ക് അമേരിക്ക നേതൃത്വം വഹിക്കുകയാണെങ്കില്‍ സൈന്യത്തെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് യു.എ.ഇ അറിയിച്ചത്.
ഗസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് യു.എസുമായി കൂടിയാലോചനകള്‍ നടത്തിയെന്നും ലാന നുസെയ്‌ബെ പറഞ്ഞു. അതേസമയം വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന പാശ്ചാത്യ പിന്തുണയുള്ള ബോഡിയായ ഫലസ്തീന്‍ അതോറിറ്റി ക്ഷണിച്ചാല്‍ മാത്രമേ യു.എ.ഇ ബഹുരാഷ്ട്ര സൈന്യത്തില്‍ ചേരുകയുള്ളുവെന്നും ലാന നുസെയ്‌ബെ വ്യക്തമാക്കി.
സൈന്യത്തെ വിട്ടുനല്‍കുന്നതില്‍ യു.എ.ഇ അധികൃതരുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്നും ലാന ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതുവരെ ഗസയിലും വെസ്റ്റ് ബാങ്കിലും യു.എന്‍ സമാധാന സേനയെ വിന്യസിക്കണമെന്ന് അറബ് ലീഗും ആവശ്യപ്പെട്ടിരുന്നു.
അതേസമയം 2020ലാണ് ഇസ്രഈലുമായുള്ള നയതന്ത്രബന്ധം യു.എ.ഇ സാധാരണ നിലയിലാക്കിയത്. ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി സര്‍ക്കാര്‍ ആക്രമണം നടത്തുമ്പോഴും യു.എ.ഇ നയതന്ത്ര ബന്ധം തുടര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെ കഫിയ ധരിച്ച് ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ വിദ്യാര്‍ത്ഥിയെ യു.എ.ഇ നാടുകടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിയെ ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചതിന് പിന്നാലെയാണ് നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിക്കുകയും ചെയ്തിരുന്നു.
Content Highlight: After the war, the UAE volunteered to send troops to Gaza