| Monday, 29th April 2024, 9:52 am

യു.എസിന് പിന്നാലെ യൂറോപ്പിലും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭം; വിദ്യാര്‍ത്ഥികളെ തടയാന്‍ പൊലീസ് സഹായം തേടി സയന്‍സ് പോ യൂണിവേഴ്‌സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: യു.എസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കനക്കുന്നു. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളില്‍ 60 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വളയുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. പിന്നാലെയാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടത്.

യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ പൊലീസ് വൃത്തങ്ങള്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാസയില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തുന്ന ഇസ്രാഈലിന് ആയുധങ്ങള്‍ കൈമാറുന്നതും പിന്തുണ നല്‍കുന്നതുമായ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം.

അതേസമയം യൂറോപ്പിലും യു.എസിലും ഇസ്രഈലിനെതിരെ കനത്ത പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ സമീപ ആഴ്ചകളിലായാണ് വിദ്യാര്‍ത്ഥികളുടെ ഇസ്രാഈലി വിരുദ്ധ പ്രക്ഷോഭങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രകടമായി കണ്ടുവരുന്നത്.

ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് യു.എസിലെ ക്യാമ്പസുകളിലുടനീളം ഇതുവരെ 550 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്താലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ഹാര്‍വാഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്ലി ഉള്‍പ്പടെ യു.എസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ഇസ്രാഈലി വിരുദ്ധ സമരം ഇപ്പോഴും തുടരുകയാണ്. ഡെന്‍വറിലെ ഔറേറിയ ക്യാമ്പസില്‍ 40 പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി കൊളംബിയ സര്‍വകലാശാലകളില്‍ നിന്ന് മാത്രമായി 100ലധികം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തെ ഹ്യൂമന്‍ റൈറ്റ് വാച്ചും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും അപലപിച്ചിരുന്നു.

Content Highlight: After the US, anti-Israel protests are also growing in Western Europe

Latest Stories

We use cookies to give you the best possible experience. Learn more