| Monday, 12th June 2023, 8:46 am

ഓവലില്‍ ഇന്ത്യന്‍ വധം സമ്പൂര്‍ണമാക്കി; ഇനി യാത്ര ചിരവൈരികളെ തേടി എഡ്ജ്ബാസ്റ്റണിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മേല്‍ ഐതിഹാസിക ജയം നേടിയാണ് ഓസീസ് ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്. ഓവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 209 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്.

ഈ വിജയത്തിന് പിന്നാലെ പുരുഷ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും ഓസീസിനെ തേടിയെത്തി. ഇതിന് മുമ്പ് അഞ്ച് തവണ ഏകദിന ലോകകപ്പുയര്‍ത്തിയ ഓസീസ് രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫിയും ഒരു തവണ ടി-20 ലോകകപ്പും സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ആവേശം ആറിത്തണുക്കും മുമ്പ് തന്നെ ഓസീസ് മറ്റൊരു പരമ്പരക്ക് കൂടി ഇറങ്ങുകയാണ്. ഓസ്‌ട്രേലിയ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനോളം പ്രാധാന്യം കല്‍പിക്കുന്ന ആഷസ് പരമ്പരക്കാണ് കളമൊരുങ്ങുന്നത്.

ചരിത്രപ്രാധാന്യമുള്ള ആഷസിന്റെ 73ാം എഡിഷന് ഇംഗ്ലണ്ടാണ് വേദിയാകുന്നത്. ജൂണ്‍ 16 മുതല്‍ 20 വരെ എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

പരമ്പരയിലെ മറ്റു മത്സരങ്ങളും വേദികളും

രണ്ടാം ടെസ്റ്റ് – ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ – ലോര്‍ഡ്‌സ്.

മൂന്നാം ടെസ്റ്റ് – ജൂലൈ ആറ് മുതല്‍ പത്ത് വരെ – യോര്‍ക്‌ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

നാലാം ടെസ്റ്റ് – ജൂലൈ 19 മുതല്‍ 23 വരെ – ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്.

അഞ്ചാം ടെസ്റ്റ് – ജൂലൈ 27 മുതല്‍ ജുലായ് 31 വരെ – ദി ഓവല്‍.

ഇംഗ്ലണ്ടിനെയും ഓസീസിനെയും സംബന്ധിച്ച് ആഷസ് പരമ്പര സ്വന്തമാക്കുകയെന്നത് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.

ഇന്ത്യക്കെതിരായ പടുകൂറ്റന്‍ വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവും വേണ്ടുവോളമുണ്ടെങ്കിലും എഡ്ജ്ബാസ്റ്റണിലേക്കിറങ്ങുമ്പോള്‍ ഓസീസിന്റെ ചങ്കിടിക്കും. കാരണം ഇത്രയും നാള്‍ നേരിട്ട ഇംഗ്ലണ്ടിനെയല്ല തങ്ങള്‍ക്ക് നേരിടാനുള്ളത് എന്ന ഉത്തമബോധ്യം തന്നെയാണ് അതിന് പിന്നില്‍.

ബ്രണ്ടന്‍ മക്കെല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റിന്റെ വാര്‍പ്പുമാതൃകകളെല്ലാം തച്ചുതകര്‍ക്കുകയാണ്. ബാസ് ബോള്‍ ശൈലിയെന്ന അറ്റാക്കിങ് ക്രിക്കറ്റ് അവലംബിക്കുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഓസീസ് പാടുപെടേണ്ടി വന്നേക്കും.

ബ്രണ്ടന്‍ മക്കെല്ലം എന്ന ക്രിക്കറ്റ് ബ്രെയ്‌നിനെ കൂടിയാണ് ഓസീസിന് നേരിടേണ്ടി വരിക. മക്കെല്ലം പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം 12 ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് പത്തിലും വിജയിച്ചിരുന്നു. ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാപ്റ്റന്‍സിക്കും റൂട്ടിന്റെ ബാറ്റിങ്ങനും ആന്‍ഡേഴ്‌സണിന്റെ ബൗളിങ്ങിനും പുറമെ മക്കെല്ലം എന്ന കോച്ചിനെ കൂടിയാണ് ഓസീസിന് നേരിടാനുള്ളത്.

ജൂണ്‍ 16 മുതല്‍ ഒന്നര മാസക്കാലം ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈവല്‍റിക്കാണ് ഇംഗ്ലണ്ട് മൈതാനങ്ങല്‍ സാക്ഷിയാവുക. മികച്ച മത്സരങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുകയാണ്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജിമ്മി പെയ്‌സണ്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട് ബോളണ്ട്, ടോഡ് മര്‍ഫി.

ഇംഗ്ലണ്ട് സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഒലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, ജാക്ക് ലീച്ച്, ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, മാത്യൂ പോട്‌സ്, ഒലി റോബിന്‍സണ്‍, ഡാന്‍ ലോറന്‍സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, ജോഷ് ടങ്ക്.

Content Highlight: After the Test Championship win, the Australian is gearing up for the Ashes series

We use cookies to give you the best possible experience. Learn more