ടാറ്റ ഏറ്റെടുത്തതിന് ശേഷം തൊഴില്‍സാഹചര്യം മോശമായി, സമ്മര്‍ദം വര്‍ധിച്ചു; വെളിപ്പെടുത്തലുമായി എയര്‍ഇന്ത്യ ജീവനക്കാരന്‍
national news
ടാറ്റ ഏറ്റെടുത്തതിന് ശേഷം തൊഴില്‍സാഹചര്യം മോശമായി, സമ്മര്‍ദം വര്‍ധിച്ചു; വെളിപ്പെടുത്തലുമായി എയര്‍ഇന്ത്യ ജീവനക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 10:20 pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടാറ്റ ഏറ്റെടുത്തതിന് ശേഷമാണ് തൊഴിലാളികള്‍ക്ക് സമ്മര്‍ദം കൂടിയതെന്ന് വെളിപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന്റെ തുറന്നു പറച്ചില്‍.

സ്വകാര്യവത്കരണം എയര്‍ ഇന്ത്യയിലെ ജീവനക്കാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് ഈ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നത്. നേരത്തെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണുണ്ടായിരുന്നതെന്നും ടാറ്റ ഏറ്റെടുത്തതിന് ശേഷം തൊഴില്‍ സാഹചര്യം കൂടുതല്‍ മോശമായെന്നും അദ്ദേഹം പറയുന്നു.

‘കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത് പണിമുടക്കല്ലായിരുന്നു. സിക്ക് ലീവെടുക്കുകയാണുണ്ടായത്. തുടര്‍ച്ചയായി ജോലി ചെയ്യുന്നത് കാരണം മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. തൊഴില്‍ സാഹചര്യങ്ങളിലും തൊഴിലിടത്തിലും സ്ട്രസ്സുണ്ട്. ഞങ്ങള്‍ പറയുന്ന ഒരു കാര്യങ്ങള്‍ക്കും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

ഇത് അടുത്ത കാലത്തായി തുടങ്ങിയ പ്രശ്‌നമല്ല. പത്ത് വര്‍ഷത്തോളമായുള്ള പ്രശ്‌നമാണ്. ഇപ്പോഴും അതിനൊരു പരിഹാരമുണ്ടായിട്ടില്ല. ഗതികേട് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്തത്, ‘ പേര് വെളിപ്പെടുത്താത്ത ക്യാബിന്‍ ക്രൂ ജീവനക്കാര്‍ പറയുന്നു.

നേരത്തെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ടാറ്റ് ഏറ്റെടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള വലിയ സമ്മര്‍ദമുണ്ടായതെന്നും അദ്ദേഹം പറയുന്നു. വലിയ തൊഴില്‍ സമ്മര്‍ദം നേരിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടാകുന്നില്ല എന്നും അദ്ദേഹം പറയുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മതിയായ താമസ സൗകര്യമോ, പോകാനുള്ള വാഹനമോ, ഭക്ഷണമോ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷമായി ഓയോ റൂമുകളാണ് താമസത്തിന് ലഭിച്ചിരുന്നതെന്നും മോശമായ പ്രതികരണമാണ് ഹോട്ടലുകളുടെ കാര്യത്തില്‍ പോലും തങ്ങള്‍ക്ക് ലഭിച്ചതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്‍ പറയുന്നു. മാത്രവുമല്ല മിസ്മാനേജ്‌മെന്റ് കാരണമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തങ്ങളോടുള്ള അവഗണനയായിരുന്നു പ്രധാന പ്രശ്‌നമെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ശക്തിയെന്താണെന്ന് മാനേജ്‌മെന്റ് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പല ജീവനക്കാര്‍ക്കും അവരുടെ സീനിയോറിറ്റിക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ദിവസവും നിരവധി യാത്രക്കാരുമായി ബന്ധപ്പെടുന്ന ആളുകളാണ് തങ്ങളെന്നും യാത്രക്കാരുടെ മാനസികാവസ്ഥ തങ്ങള്‍ക്ക് മനസിലാകുമെന്നും ഈ ജിവനക്കാരന്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്. പക്ഷെ ഗതികേട് കൊണ്ടാണ് തങ്ങള്‍ക്കിത് ചെയ്യേണ്ടി വന്നതെന്നും പല തരത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ലേബര്‍ കമ്മീഷനില്‍ ഉള്‍പ്പടെ ബന്ധപ്പെട്ടിട്ടും ഒന്നിനും റെസ്‌പോണ്‍സ് കിട്ടാതെ വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് അസുഖ ബാധിതരെന്ന പേരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിന്‍ക്രൂ അംഗങ്ങള്‍ കൂട്ട അവധിയെടുത്തത്. ഇതോടെ ബുധനാഴ്ച മാത്രം 90 സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച 85 സര്‍വീസുകളും മുടങ്ങിയിരുന്നു. പിന്നീട് വ്യാഴാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

CONTENT HIGHLIGHTS: After the Tata takeover, labor conditions worsened and pressure on workers increased; Air India employee with disclosure