റിയാസ് മൗലവി വധക്കേസ് വിധി; ചാനല്‍ വാര്‍ത്തക്കിടയില്‍ വിദ്വേഷ കമന്റിട്ടയാള്‍ക്കെതിരെ കേസ്
Kerala News
റിയാസ് മൗലവി വധക്കേസ് വിധി; ചാനല്‍ വാര്‍ത്തക്കിടയില്‍ വിദ്വേഷ കമന്റിട്ടയാള്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 5:46 pm

കാസര്‍കോട്: റിയാസ് മൗലവി വധക്കേസ് വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസ്. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ന്യൂസ് ചാനലിന്റെ യൂട്യൂബ് വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റ് ഇട്ടയാള്‍ക്കെതിരെയാണ് കേസ്. പ്രസ്തുത കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനായി സൈബല്‍ സെല്ലിന്റെ സഹായം തേടുമെന്നും പൊലീസ് വ്യക്തമാക്കി.

റിയാസ് മൗലവി വധക്കേസ് വിധി പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ 24 മണിക്കൂര്‍ നീളുന്ന സൈബര്‍ പട്രോളിങ്ങിന്റെ ഭാഗമായാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കോടതി വിധി പ്രോസിക്യൂഷന് പ്രതികൂലമായതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ മൗലവി വധക്കേസില്‍ സര്‍ക്കാര്‍ വ്യക്തമായ ഇടപെടല്‍ നടത്തിയെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പ്രതികരിച്ചു.

ലീഗ് നേതാക്കള്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും ഒത്തുകളി ആരോപിക്കുന്നത് ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുമെന്നും ജലീല്‍ പറഞ്ഞു.

നിലവില്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകാനൊരുങ്ങിയിരിക്കുകയാണ്. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി എ.ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

Content Highlight: After the Riaz Maulavi murder case verdict, a case was filed against the person who spread hate through social media