മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ(Hindenburg Research) റിപ്പോര്‍ട്ടിന് പിന്നാലെ കരകയറാനാകാതെ അദാനി ഗ്രൂപ്പ്(Adani Group). തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കിയതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനിയുടെ ഓഹരികള്‍ വ്യാഴാഴ്ച കൂപ്പ് കുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി 20,000 കോടി രൂപ സമാഹരിക്കാന്‍ നടത്തിയ ഓഹരി വില്‍പന(തുടര്‍ ഓഹരി സമാഹരണം -FPO) റദ്ദാക്കിയെന്ന് അദാനി എന്റര്‍പ്രൈസ് അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ ഏഴര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഗ്രൂപ്പിനുണ്ടായിട്ടുള്ളത്.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിമൂല്യം 28 ശതമാനമാണ് ബുധനാഴ്ച ഇടിഞ്ഞത്. വെറും അഞ്ച് വിപണ സെഷന്‍സുകൊണ്ട് അദാനി ഗ്രൂപ്പിന്റെ ഷെയറുകളുടെ കമ്പോളമൂല്യം 35 ശതമാനമാണ് ഇതുവരെ ഇടിഞ്ഞത്. ഇതിനിടയില്‍ വിദേശത്തുള്ള പല ബാങ്കുകളും ഗ്രൂപ്പിന്റെ ബോണ്ട് വാങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്.
തുടര്‍ ഓഹരി വില്‍പന ലക്ഷ്യം കണ്ടു എന്ന തരത്തിലൊരു ആത്മവിശ്വാസം നിക്ഷേപകരില്‍ വളര്‍ത്താനായിരുന്നു കഴിഞ്ഞ ദിവസം അദാനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ശ്രമം ആസൂത്രിതമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വരെ സഹായങ്ങള്‍ ഇതിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ധാര്‍മ്മികമായി ശരിയാകില്ലെന്ന്(morally correct) ചൂണ്ടിക്കാട്ടിയാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് തങ്ങളുടെ 20,000 കോടി രൂപയുടെ ഓഹരി വില്‍പ്പന നിര്‍ത്തിവെച്ചതായി അറിയിച്ചത്.
അതേസമയം, അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത്.
എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപവും എസ്.ബി.ഐയില്‍ നിന്നും എടുത്തിട്ടുള്ള കടവും ചൂണ്ടിക്കാണിച്ചാണ് ഈ പാര്‍ട്ടികള്‍ ആശങ്ക ഉന്നയിച്ചത്.