| Friday, 27th May 2022, 9:52 pm

റിട്ടയറാവാറായ പ്രാരാബ്ധമുള്ള പൊലീസുകാരന്‍; ആസ്ഥാന പട്ടം നേടി അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ കുറ്റവും ശിക്ഷയും റിലീസ് ചെയ്തിരിക്കുകയാണ്. 2015ല്‍ കാസര്‍കോഡ് ജില്ലയില്‍ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തിനായി അഞ്ച് അംഗ പോലീസ് സംഘം ഉത്തര്‍പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തിലെത്തിലെത്തിയ യഥാര്‍ത്ഥ കഥയാണ് ‘കുറ്റവും ശിക്ഷയിലൂടെ’ പറയുന്നത്.

ആസിഫ് അലി, അലന്‍സിയര്‍, സെന്തിള്‍ കുമാര്‍, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് അലന്‍സിയര്‍ കാഴ്ച വെച്ചത്. ആസിഫ് അലിയുടെ സാജനും അലന്‍സിയറിന്റെ ബഷീറിനുമാണ് ചിത്രത്തില്‍ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രങ്ങളെ ലഭിച്ചത്.

റിട്ടയറാവാറായ പ്രാരാബ്ദങ്ങളുള്ള പൊലീസുകാരനാണ് അലന്‍സിയര്‍ അവതരിപ്പിച്ച ബഷീര്‍. സര്‍വീസില്‍ അനുഭവ സമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മേലുദ്യോഗസ്ഥനാണെങ്കിലും സാജന്‍ അദ്ദേഹത്തെ ബഷീറിക്ക എന്നാണ് വിളിക്കുന്നത്. ആ അനുഭവം കൊണ്ടു തന്നെ സാജന്റെ സംഘര്‍ഷം നിറഞ്ഞ നിമിഷങ്ങളില്‍ അയാള്‍ക്ക് ധൈര്യം പകരാന്‍ ബഷീറിക്കക്ക് ആവുന്നുണ്ട്.

എന്നാല്‍ സമാനമായ കഥാപാത്രം മുമ്പും അലന്‍സിയര്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ചന്ദ്രന്‍, റോഷന്‍ ആന്‍ഡ്യൂസിന്റെ സംവിധാനത്തിലൊരുങ്ങിയ സല്യൂട്ടിലെ മാരാര്‍ എന്നിങ്ങനെ അലന്‍സിയര്‍ അവതരിപ്പിച്ച പൊലീസുകാരും റിട്ടയവറാവാറായ പ്രാരാബ്ദമുള്ള പൊലീസുകാരാണ്.

ഇതോടെ ഇത്തരം കഥാപാത്രങ്ങളിലേക്ക് അലന്‍സിയര്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയാണോ എന്ന ചോദ്യമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നിരുന്നാലും ബഷീറിക്കയായി മികച്ച പ്രകടനമാണ് അലന്‍സിയര്‍ കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ കാഴ്ച വെച്ചത്.

അതേസമയം കുറ്റവും ശിക്ഷയും നിരാശപ്പെടുത്തുന്ന അനുഭവമാണ് സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. കുറ്റാന്വേഷണ ചിത്രം എന്ന നിലയ്ക്ക് ചിത്രം എന്‍കേജിംഗ് അല്ലായിരുന്നുവെന്നും ലാഗ് ഫീല്‍ ചെയ്തുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Content Highlight: after the releasse of kuttavum sikshayum Audiences asks is Alanzier stereotypes in police characters 

We use cookies to give you the best possible experience. Learn more