ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ വലിയ ഹൈപ്പുയര്‍ത്തിയ ചിത്രമാണ് റൊഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീറാണ് റൊഷാക്ക് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ പുറത്ത് വിട്ട് ചിത്രത്തിന്റെ ട്രെയ്‌ലറും വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ ബ്രില്ല്യന്‍സുകളും വ്യാഖ്യാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ട്രെയ്‌ലറിന്റെ ഒടുക്കം വെളുത്ത വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു വെളുത്ത മുറിയില്‍ ഇരിക്കുന്ന മമ്മൂട്ടിയെയാണ് കാണിക്കുന്നത്. ഇതിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
വൈറ്റ് ടോര്‍ച്ചറാണ് ഇതെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നത്. വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ടോര്‍ച്ചര്‍ ഒറ്റപ്പെടലിലേക്കും സെന്‍സുകള്‍ നശിക്കുന്നതിലേക്കും വഴിവെക്കുന്ന മനശാസ്ത്രപരമായ പീഡനമാണ്.
ചില രാജ്യങ്ങളിലെ തടവുപുള്ളികള്‍ക്കാണ് ഇത്തരം ശിക്ഷാരീതികള്‍ നടപ്പിലാക്കിയിരുന്നത്. കിടക്കയും ആഹാരവും മേശയും കസേരയും ഉള്‍പ്പെടെ സര്‍വവസ്തുക്കളും വെള്ള നിറത്തിലായിരിക്കും. കംപ്ലീറ്റ് വൈറ്റായ കംപ്ലീറ്റ് നിശബ്ദമായ ഒരു മുറയില്‍ ഒറ്റക്കിരിക്കുന്നത് ഭീകരമായ അനുഭവമായിരിക്കും. ആരെയെങ്കിലും കാണാനോ ആരുടെയെങ്കിലും ചെറിയൊരു ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കും. ഇത്തരത്തിലുള്ള മെന്റല്‍ ടോര്‍ച്ചര്‍ ഒരു മനുഷ്യന് അസഹനീയമായിരിക്കാം.
റൊഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ പറ്റിയും സമാനമായ ചര്‍ച്ചകളുയര്‍ന്നിരുന്നു. കൗതുകമുണര്‍ത്തുന്ന പേരായതിനാല്‍ തന്നെ ആളുകള്‍ ഇതിന്റെ അര്‍ത്ഥ തലങ്ങളിലേക്ക് കടന്നിരുന്നു. ഒരാളുടെ പേഴ്സണാലിറ്റിയും ഇമോഷണല്‍ ഫങ്ഷനിങ്ങും മനസ്സിലാക്കാന്‍ മനശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന സൈക്കോളജിക്കല്‍ ടെസ്റ്റാണ് റൊഷാക്ക്.
മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് റൊഷാക്കില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുളാണ്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് കിരണ്‍ ദാസും സംഗീതം നല്‍കുന്നത് മിഥുന്‍ മുകുന്ദനുമാണ്.
Content Highlight: After the release of the trailer, Rorschach Brilliance became the talk in social media