| Friday, 1st April 2022, 9:37 pm

ഭീഷ്മ പര്‍വ്വം ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ഉള്ളിയും തിരുതയും കൊട്ടിയൂര്‍ പീഡനക്കേസും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് മഹാമാരിക്ക് ശേഷം മലയാളത്തില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയായിരിക്കുകയാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം. തിയേറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യമായി റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചു.

മമ്മൂട്ടിയുടെ മാസ് പെര്‍ഫോമന്‍സും കൊണ്ടും അമലിന്റെ മേക്കിംഗും കൊണ്ടും പ്രശംസ നേടിയ ചിത്രം കേരളത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളുടെ റഫറന്‍സ് കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലെ റിലീസിന് പിന്നാലെ റിയല്‍ ലൈഫ് റെഫറന്‍സ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കിയ അല്ലെങ്കില്‍ ചര്‍ച്ചയായ നിരവധി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുപോകുന്നത്.

അതിലൊന്ന് കെവിന്‍ വധമാണ്. 2018 ല്‍ കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവിനും സമര്‍പ്പിച്ചാണ് സിനിമ തുടങ്ങുന്നത്. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് തട്ടിക്കൊണ്ടുപോയ 13 അംഗ സംഘം കെവിനെ കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായിട്ടാണ് കെവിന്‍ വധം വിശേഷിപ്പിക്കപ്പെട്ടത്.

രാഷ്ട്രീയക്കാരനായ ജെയിംസിനെ അവതരിപ്പിച്ച ദിലീഷ് പോത്തനെ ഉപയോഗിച്ച് മൂന്ന് റിയല്‍ ലൈഫ് റെഫറന്‍സുകളാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

ജെയിംസ് പറയുന്ന ഡയലോഗിലെ ‘ഡല്‍ഹിയില്‍ മദാമ്മയും മോനുംവന്നേപ്പിന്നെ,’ എന്നത് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉദ്ദേശിച്ചാണ്.

ദിലീഷിന്റെ കഥാപാത്രം തന്നെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ.വി. തോമസിനെ ഉദ്ദേശിച്ചാണ് എന്ന വ്യാഖ്യാനങ്ങള്‍ വന്നിരുന്നു. ദല്‍ഹിയിലേക്ക് തിരുത വാങ്ങികൊണ്ടു പോകുന്ന ജെയിംസ് എന്ന് രാഷ്ട്രീയക്കാരന്‍ കെ.വി തോമസാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

മറ്റൊന്ന് ‘ബീഫല്ല.. ഉള്ളിക്കറിയാ.. ഉള്ളി’ എന്ന ജെയിംസിന്റെ ഡയലോഗാണ്. കേരളത്തില്‍ ഉള്ളിക്ക് പ്രചാരം കൂടുതല്‍ കിട്ടിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫും പൊറോട്ടയും കഴിക്കുന്നു എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ നിന്നാണ്. എന്നാല്‍ ഇതിന് വിശദീകരണമായി താന്‍ കഴിച്ചത് ഉള്ളി കറിയാണെന്നും ബീഫല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

80കളില്‍ ഇന്ത്യയില്‍ തന്നെ തരംഗമായിരുന്ന 13 എ.ഡി ബാന്‍ഡ് പറുദീസ എന്ന പാട്ടില്‍ ചുമരെഴഴുത്തായി വന്നിരുന്നു. പാട്ട് റിലീസായതോടെ 13 എ.ഡി വീണ്ടും ചര്‍ച്ചയായിരുന്നു.

സുദേവ് നായര്‍ അവതരിപ്പിച്ച വില്ലനായ രാജന്‍ ഇടക്ക് ബഡാ രാജന്‍ റഫറന്‍സിലേക്ക് പോകുന്നുണ്ട്. ബഡാ രാജന് പകരം ഛോട്ടാ രാജനായാണ് സിനിമയില്‍ കാണിക്കുന്നത്.

ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസും സിനിമയില്‍ പറഞ്ഞു പോകുന്നുണ്ട്.

സിനിമയുടെ അവസാനം ജിനു ജോസഫ് അവതരിപ്പിച്ച ഫാദര്‍ സൈമണെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നുണ്ട്. 2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി മേടയില്‍ വെച്ച് ബലാല്‍സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസാണ് ഫാദര്‍ സൈമണിലൂടെ അവതരിപ്പിച്ചത്.

ഏറ്റവുമൊടുക്കം സിനിമ അവസാനിക്കുന്നത് നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണത്തിലേക്ക് വിരല്‍ ചൂണ്ടിയാണ്. 2020 ഡിസംബറിലാണ് പോലീസ് വീട് ഒഴിപ്പിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് അമ്പിളിയും രാജനും ആത്മഹത്യാ ഭീഷണി മുഴക്കിയത്. തീ തട്ടിത്തെറിപ്പിക്കാന്‍ പൊലീസ് ശ്രമിക്കവേ ഇരുവരുടെയും ദേഹത്തേക്ക് തീ പടരുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

സിനിമയില്‍ അച്ഛന്റേയും അമ്മയുടെയും മരണത്തിന് പ്രതികാരം ചെയ്യാന്‍ വരുന്ന കൗമാരക്കാരായ കുട്ടികളിലൂടെ ഈ നെയ്യാറ്റിന്‍കര സംഭവമാണ് വീണ്ടും പ്രേക്ഷകരെ ഓര്‍മിപ്പിച്ചത്.

Contentb Highlight: after the release of Bhishma Parvam in OTT the rel life references became a discussion 

We use cookies to give you the best possible experience. Learn more