| Tuesday, 12th July 2022, 6:25 pm

ഒ.ടി.ടി റിലീസിന് ശേഷം വിക്രമിലെ ഹോളിവുഡ് റഫറന്‍സുകള്‍ ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി തിയേറ്ററുകളില്‍ വന്‍ വിജയമായ ചിത്രമാണ് വിക്രം. സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് ചിത്രം തിയേറ്റര്‍ വിട്ടത്. ജൂലൈ 11 നാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങിയത്.

ചിത്രം ആവര്‍ത്തിച്ച് കാണാന്‍ കഴിഞ്ഞതോടെ ചിത്രത്തിലെ ഹോളിവുഡ് റഫറന്‍സുകള്‍ ചികഞ്ഞെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിപ്പോള്‍. ലോകേഷ് മുന്‍പ് പല അഭിമുഖങ്ങളിലും താന്‍ കടുത്ത ഡി.സി ആരാധകനാണെന്ന് പറഞ്ഞിരുന്നു. ആ ആരാധനയുടെ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിന്റെ വിക്രത്തില്‍ പലയിടത്തായി കാണാന്‍ കഴിയും.

ചിത്രത്തിലെ നിരവധി സീനുകള്‍ക്ക് ഡി.സി ചിത്രങ്ങളിലെ സീനുകളുമായി സാമ്യമുണ്ട്. ഫഹദിന്റെ കഥാപാത്രമായ അമര്‍ കണ്ണില്‍ കറുപ്പ് നിറം തേച്ചുള്ള രംഗം ബാറ്റ്മാനിലെ സീനുമായി സാമ്യം ഉള്ളതാണ്.

വിക്രമിലെ ക്ലൈമാക്‌സ് രംഗത്തിന് ദി ഡാര്‍ക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലെ സീനുമായുള്ള ബന്ധവും സോഷ്യല്‍ മീഡിയ കണ്ടെത്തി.

പിന്നീട് പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച വിക്രമിലെ ഇന്റര്‍വലിനോട് അടുക്കുന്ന ബൈക്ക് ചേസിങ് സീനിനും ദി ഡാര്‍ക്ക് നൈറ്റ് റൈസസിലെ സീനുമായി സാമ്യമുണ്ട്.

അടുത്ത സാമ്യം ഡി.സി ചിത്രങ്ങളില്‍ നിന്നല്ല സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ആ സാമ്യം ജനപ്രിയ വെബ് സീരിസായ ദി ഓഫീസിൽ നിന്നാണ്. വിക്രമിലെ കല്യാണ രംഗത്തിലെ ഡാന്‍സ് രംഗമാണ് ദി ഓഫിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകേഷ് ചെയ്തിരിക്കുന്നത്.

വിക്രത്തിലെ സീനുകളില്‍ മാത്രമല്ല കഥാപാത്രങ്ങളുടെ മൊത്തത്തിലുള്ള നിര്‍മിതിയിലും ബാറ്റ്മാന്റെ ചിത്രങ്ങളുടെ നിഴല്‍ കാണാന്‍ സാധിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തായാലും ലോകേഷിന്റെ ഈ ‘ഹോളിവുഡ് സ്‌നേഹം’ ആരാധകരെ ഒന്നടങ്കം വലിയ ആവേഷത്തിലാണ് എത്തിച്ചിരിക്കുന്നത്.

Content Highlight : After the OTT release, social media picked up the Hollywood references in Vikram

We use cookies to give you the best possible experience. Learn more