| Tuesday, 18th October 2022, 12:43 pm

'അയ്യയ്യയ്യോ ഏതാ ഈ പൊന്നുമോന്‍'; ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വാര്‍ഡ് മെമ്പര്‍; ചര്‍ച്ചയായി ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനായ പാല്‍തൂ ജാന്‍വര്‍ ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകാണ്. ഒക്ടോബര്‍ 14ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന കഥാപാത്രം ഇന്ദ്രന്‍സ് അവതരിപ്പിച്ച വാര്‍ഡ് മെമ്പറാണ്.

വരുന്ന സീനുകളിലെല്ലാം ഈ വാര്‍ഡ് മെമ്പര്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. ഈ കഥാപാത്രം ചിരിച്ചുകൊണ്ട് മറ്റുള്ളവരുടെ കഴുത്തറക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കാണുന്ന പ്രേക്ഷകര്‍ക്ക് ഇടയ്ക്ക് ദേഷ്യവും സ്‌നേഹവും വരുന്ന കഥാപാത്രമാണ് വാര്‍ഡ് മെമ്പര്‍. ഈ കഥാപാത്രത്തോട് അടുത്ത് കഴിയുമ്പോള്‍ ഇയാള്‍ ഇനി വരുന്ന സീനില്‍ എന്ത് ഡയലോഗാണ് പറയുന്നത്, എന്ത് ചെയ്യും എന്നൊക്കെ പ്രേക്ഷകര്‍ ചിന്തിക്കും. ക്യാമറയില്‍ നായകനെയോ മറ്റ് കഥാപാത്രങ്ങളെയോ ആണ് കാണിക്കുന്നതെങ്കില്‍ പോലും ബാക്കില്‍ നിന്ന് ഈ കഥാപാത്രം എന്താണ് ചെയ്യുന്നതെന്നായിരിക്കും പ്രേക്ഷകര്‍ ശ്രദ്ധിക്കുക.

സോഡിയത്തിന്റെ കുറവ് മൂലം വാര്‍ഡ് മെമ്പര്‍ പല കാര്യങ്ങളും മറന്നുപോവുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നതോ മറ്റുള്ളവരും. ക്ലൈമാക്‌സ് രംഗങ്ങളില്‍ അയ്യയ്യയ്യോ ഏതാ ഈ പൊന്നുമോന്‍ എന്ന് ബേസിലിനെ നോക്കി പറയുന്ന ഇന്ദ്രന്‍സിന്റെ രംഗങ്ങളൊക്കെ ചിരിപ്പിച്ചുവെന്ന് പ്രേക്ഷകര്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയിക്കുന്ന സിനിമകളില്‍ ഇന്ദ്രന്‍സിന്റെ ഒരു അപ്രമാദിത്വം കാണാം. ഹോം, ഉടല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാല്‍തു ജാന്‍വറിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായി കുടിയാന്‍മലയിലേക്ക് വരുന്ന പ്രസൂണ്‍ എന്ന ചെറുപ്പക്കാരനെയാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ അവതരിപ്പിച്ചത്. പഠനം കഴിഞ്ഞ് പാഷന്റെ പുറകെ പോയി കടം കേറി പിന്നെ അതും ഉപേക്ഷിച്ച് ഇഷ്ടമില്ലാത്ത ജോലിക്ക് പോകേണ്ടിവരുന്ന യുവ ജനങ്ങളുടെ പ്രതിനിധിയായ പ്രസൂണിനെ മികച്ച രീതിയില്‍ തന്നെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.

ഷമ്മി തിലകന്‍ അവതരിപ്പിച്ച മൃഗ ഡോക്ടര്‍ കഥാപാത്രത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. ഷമ്മി കുറച്ച് സമയം മാത്രമേ വരുന്നുള്ളുവെങ്കിലും വന്ന ഭാഗങ്ങളെല്ലാം ഗംഭീരമാക്കിയെന്നും പ്രേക്ഷകര്‍ പറയുന്നു.

Content Highlight: After the OTT release of pathu janwar, the most talked character on social media is the ward member played by Indrans

We use cookies to give you the best possible experience. Learn more