കഴിഞ്ഞ മെയ് 13നാണ് ജയസൂര്യ, ശിവദ, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച മേരി ആവാസ് സുനോ തിയേറ്ററുകളിലെത്തിയത്. ജൂണ്‍ 24 ന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും റിലീസ് ചെയ്തിരിക്കുകയാണ്.
ആര്‍.ജെ. ശങ്കറിനെ കേന്ദ്രീകരിച്ചാണ് മേരി ആവാസ് സുനോ അണിയിച്ചൊരുക്കിയിരിക്കുന്നത്. തന്റെ ശബ്ദം ആണ് തന്റെ ഐഡന്റിറ്റി എന്നു വിശ്വസിച്ചിരുന്ന ശങ്കറിന് അയാളുടെ തന്നെ തെറ്റ് കൊണ്ടു ശബ്ദം ഇല്ലാതാവുന്നു. തുടര്‍ന്ന് തന്റെ വ്യക്തിത്വമായ ശബ്ദത്തെ തിരിച്ചു പിടിക്കാന്‍ അയാള്‍ നടത്തുന്ന പരിശ്രമങ്ങളും ആണ് ചിത്രം പറയുന്നത്.
പ്രജേഷ് സെന്നിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും അഭിനന്ദന പ്രവാഹമുയരുകയാണ്. പ്രത്യകിച്ചും ജയസൂര്യയുടെയും ശിവദയുടേയും പ്രകടനത്തിനാണ് കയ്യടികള്‍ ഉയരുന്നത്.
ശങ്കറിന് സംഭവിക്കുന്ന ആഘാതവും അയാള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും അതിന്റെ തീവ്രതയോടെ തന്നെ ജയസൂര്യ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം ശങ്കറിന്റെ ഭാര്യയായി ശിവദയുടെ പ്രകടനമാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. ന്യൂസ് റീഡറായ മെറിളിനെ കയ്യടക്കത്തോടെയാണ് ശിവദ അവതരിപ്പിച്ചത്. ശങ്കറിന്റെ രോഗത്തില്‍ തളരാതെ മുമ്പോട്ട് പോകുന്നതിനിടയിലും ഇടക്ക് മനസ് പതറിപ്പോവുന്ന മെറിളിനെ ശിവദ തന്നിലേക്ക് തന്നെ സാംശീകരിക്കുന്നുണ്ട്.
ചിത്രത്തില്‍ ജയസൂര്യ-ശിവദ കോമ്പോ സീനുകളും നന്നായി വര്‍ക്ക് ഔട്ടായി. സു..സു…സുധി വാത്മീകത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ മനസ് നിറക്കാന്‍ ജയസൂര്യക്കും ശിവദക്കുമായി. ഡോ. രശ്മിയായി മഞ്ജു വാര്യരും തന്റെ റോള്‍ മികച്ചതാക്കി.