അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയുടെ വിജയം ബോളിവുഡിന് വലിയ ആശ്വാസമാണ് നല്‍കിയത്. സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ റൊമാന്റിക് പോഷന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രം കാണിക്കുന്നത്. ശിവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ഇഷയായി ആലിയ ഭട്ടുമെത്തുന്നു.
പ്രണയത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. സിനിമയുടെ മറ്റ് ഘടകങ്ങളെല്ലാം മികച്ച് നിന്നപ്പോള്‍ പ്രണയം പക്കാ ക്ലീഷേ ആയിപ്പോവുകയായിരുന്നു. പത്ത് വര്‍ഷം കഥക്ക് പുറകെ നടന്നിട്ടും പുതിയൊരു പ്രണയ ട്രാക്ക് കണ്ടെത്താന്‍ മാത്രം അയാന്‍ മുഖര്‍ജിക്ക് കഴിഞ്ഞില്ല.
അനാഥനായ ശിവക്ക് ധനികയായ ഇഷയോട് പ്രണയം തോന്നുന്നു. ഉടനെ തന്നെ ഇഷക്ക് തിരിച്ചും ഒരു ക്രഷടിക്കുന്നു. ഒപ്പം അനാഥാലയം നടത്തുന്ന ശിവയേയും ആരോരുമില്ലാത്ത അവന്റെ സങ്കടങ്ങളേയും കാണുമ്പോള്‍ ഇഷ ഫ്ളാറ്റ്. പതിവ് പോലെ നന്മമരമായ, അനാഥനായ നായകനോടുള്ള സഹതാപം പ്രേമമായി പൂവിടുന്നു.
പിന്നെ കുട്ടികളോടൊപ്പം ബര്‍ത്ത്ഡേ പാര്‍ട്ടിയായി ഡാന്‍സായി, പാട്ടായി. ഒപ്പം നായികയുടെ ക്യൂട്ട്നെസ് ഓവര്‍ലോഡഡും. നായകനോട് നായികക്ക് പ്രേമം തോന്നാനുള്ള വഴി മാത്രമായിരുന്നു അനാഥാലയവും അവിടുത്തെ കുട്ടികളും. സിനിമയില്‍ പിന്നെ ഒരു രംഗത്തും ഈ കുട്ടികളെ കാണാന്‍ പറ്റില്ല.
നായകന്‍ താമസിക്കുന്ന അനാഥാലയമെങ്കിലും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ നായികയുടെ വീടിനെ പറ്റിയോ ബന്ധുക്കളെ പറ്റിയോ ചിത്രത്തില്‍ ഒരു പരാമര്‍ശവുമില്ല. ഇഷ ധനികയാണെന്ന് മാത്രം പ്രേക്ഷകര്‍ക്ക് മനസിലാകും.
ഇവരുടെ പ്രണയം തന്നെയാണ് ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. എന്നാല്‍ നിര്‍ണായകമായ ആ പ്രണയം പറഞ്ഞ രീതിയും മാറിയ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
Content Highlight: After the OTT release of brahmastra, the romantic potions of the film are being discussed on social media