national news
സി.എ.എ വിജ്ഞാപനം; സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം, ദല്‍ഹിയടക്കം മൂന്ന് ജില്ലകളില്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 11, 04:44 pm
Monday, 11th March 2024, 10:14 pm

ന്യൂദല്‍ഹി: സി.എ.എ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയടക്കം മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ്. മൂന്ന് ജില്ലകളിലും പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.

വിജ്ഞാനപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പുകള്‍ സംസ്ഥാനത്തുടനീളമായി കത്തിക്കുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും 30 തദ്ദേശീയ സംഘടനകളും അറിയിച്ചു. അസമിലെയും മറ്റു വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാരും സി.എ.എ അംഗീകരിക്കില്ലെന്ന് എ.എ.എസ്.യു നേതാവ് സമുജ്ജല്‍ ഭട്ടാചാര്യ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

നിലവില്‍ ഗുവാഹത്തിയിലെ കോട്ടണ്‍ യൂണിവേഴ്സിറ്റിക്ക് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സി.എ.എക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

കൂടാതെ സി.എ.എ ചട്ടങ്ങള്‍ പ്രഖ്യാപിച്ചതോടെ ജമ്മുകശ്മീരില്‍ സ്ഥിരതാമസമാക്കിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളുമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം റോഹിങ്ക്യന്‍ മുസ്ലിങ്ങളും ബംഗ്ലാദേശി പൗരന്മാരും ഉള്‍പ്പെടെ 13,700ലധികം വിദേശികള്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 2008നും 2016നും ഇടയില്‍ അവരുടെ ജനസംഖ്യ 6,000ത്തിലധികം ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: After the official announcement of the CAA law, the police issued a warning in three districts including Delhi