കോഴിക്കോട്: സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രന്റെ അഭിമുഖത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് പിന്നാലെ ഡൂള്‍ന്യൂസിനെതിരെയും ‘മാധ്യമ’ത്തിനെതിരെയും വിമര്‍ശനവുമായി എസ്സെന്‍സ് ഗ്ലോബല്‍ വക്താവ് റിജു കാലിക്കറ്റ്.
സി. രവിചന്ദ്രനെതിരെ ഒരാഴ്ചക്കുള്ളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് അഞ്ച് നുണ വാര്‍ത്തകളാണ്. എസ്സെന്‍സിനും സി. രവിചന്ദ്രനും എതിരെ തുടര്‍ച്ചയായി നുണകള്‍ എഴുതുക എന്നത് മാധ്യമം ഒരു ദൈനദിന പരിപാടിയാക്കി എടുത്തിരിക്കുകയാണ്.
ഇന്ത്യയില്‍ ബി.ജെ.പിയെ ഭയക്കേണ്ടതില്ല എന്നല്ല സി.രവിചന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ കാര്യമാണ് പറയുന്നത്. പക്ഷേ വാര്‍ത്തയിലേക്ക് വന്നാല്‍ അങ്ങനെയല്ല. അതില്‍ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും, ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്, ഈ രണ്ടുകൂട്ടരെയും തന്നെയാണെന്നും റിജു പറഞ്ഞു.
‘ഹിന്ദുത്വ ഭീകരത എന്ന് പറയുന്ന സാധനം ഇന്ത്യ കഴിഞ്ഞാല്‍ നേപ്പാളില്‍ പോലുമില്ല. എന്നാല്‍ ഇസ്‌ലാമിക ഭീകരത അങ്ങനെ അല്ല. അത് ലോകമാകെ പന്തലിച്ച് കിടക്കുന്നു. അവരെ ജനം ഭയക്കുന്നു. അതിന്റെ ഒരു കണ്ണിയാണ് കേരളത്തിലേക്കും വരുന്നത്. ഇതും രവിചന്ദ്രന്‍ പല പ്രഭാഷണങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മണിക്കുര്‍ നീണ്ട ആ വീഡിയോ സംവാദത്തിനും ഇത് പറയുന്നുണ്ട്.
പക്ഷേ മാധ്യമത്തിലും സുഡാപ്പി ഫണ്ടിങ്ങില്‍ ഇറങ്ങുന്നതെന്ന് ആരോപണമുള്ള ഡൂള്‍ന്യുസിനും ഇതൊന്നും അറിയണ്ട. ഡൂള്‍ന്യൂസ്, ട്രൂകോപ്പി പോലെ ഒരു സ്വത്വ ഷുഡു പോര്‍ട്ടല്‍ ആയതുകൊണ്ട് ഞാന്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. എന്നാല്‍ മാധ്യമം ഒരു പൊതു പത്രമാണെന്നാണ് അവകാശപ്പെടുന്നത്,’ എന്നും റിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ട് സംഗതികള്‍ എന്തൊക്കെയാണെന്ന സി. രവിചന്ദ്രന്റെ ഒരു അഭിമുഖത്തിലെ ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കേരളത്തില്‍ ഏറ്റവും ഭയക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും, ഇസ്‌ലാമിനെയുമാണെന്നാണ് വിവാദ അഭിമുഖത്തില്‍ സി. രവിചന്ദ്രന്‍ സ്ഥാപിക്കുന്നത്.
അഭിമുഖത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ട് സംഗതികള്‍ എന്തൊക്കെയാണെന്ന രവിചന്ദ്രന്റെ ചോദ്യത്തിന് ‘എനിക്ക് അങ്ങനെ ഇവരെയൊന്നും ഭയമില്ല, പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയക്കണം’ എന്ന് മറുവശത്തുള്ള വ്യക്തി ഉത്തരം പറയുമ്പോള്‍ രവിചന്ദ്രന്‍ ഇടക്ക് കയറി ‘ഇസ്‌ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് വീഡിയോയില്‍ കാണണം.
രവിചന്ദ്രന്റെ മറുപടിക്ക് ‘ബി.ജെ.പിയെയും ഭയക്കണം’ എന്ന് മറുവശത്തുള്ളയാള്‍ അഭിപ്രായമുന്നയിച്ചപ്പോള്‍ ‘ഓകെ, ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ’ എന്നാണ് രവിചന്ദ്രന്‍ ചോദിക്കുന്നത്. ഈ വാദം കേട്ട മറുവശത്തിരിക്കുന്നയാള്‍ ‘അത്രയും ഭയക്കണ്ട’ എന്ന നിലപാടിലേക്ക് എത്തുന്നതായും വീഡിയോയില്‍ കാണാം.