ചിറ്റഗോങ്: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നേതാവും അഭിഭാഷകനുമായിരുന്ന മൊഹിബ് ഉല്ലയുടെ വധത്തിന് പിന്നാലെ അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്സ് സംഘടനയുടെ മറ്റ് നേതാക്കള്‍ക്കെതിരേയും വധ ഭീഷണി വരുന്നതായി റിപ്പോര്‍ട്ട്.
ഫോണ്‍ കോളുകള്‍ വഴി വധിക്കുമെന്ന് ഭീഷണി വരുന്നതായി സംഘടനയുടെ നേതാക്കള്‍ പറഞ്ഞതായി ഏജന്‍സി ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഞങ്ങളുടെ നേതാവിനെ വെടിവെച്ച് കൊന്നത് പോലെ അവര്‍ക്ക് ആരേയും വേട്ടയാടാന്‍ സാധിക്കും,” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാക്കളിലൊരാള്‍ ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മ്യാന്‍മര്‍ സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെയുള്ള നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി'(ARSA)യാണ് ഉല്ലയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ARSA ഇത് നിഷേധിച്ചിരുന്നു.
മൊഹിബ് ഉല്ലയുടെ വധത്തിന് മൂന്നാഴ്ചയ്ക്ക് ശേഷം ഇസ്‌ലാമിക് വൈദിക പാഠശാലയില്‍ നടന്ന സമാന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം തുല്യനീതിയും സുരക്ഷയും ഉറപ്പ് വരുത്താത്തിടത്തോളം മ്യാന്‍മറിലേയ്ക്ക് തിരിച്ച് പോകില്ലെന്നാണ് അഭയാര്‍ത്ഥികള്‍ പറയുന്നത്. ബംഗ്ലാദേശില്‍ മോശം സാഹചര്യങ്ങളില്‍ വൃത്തിഹീനമായ ക്യാമ്പുകളില്‍ കഴിയുന്ന ഇവര്‍ക്ക് ഇവിടെ ജോലിയോ കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ ലഭിക്കുന്നില്ല.
പകല്‍ സമയങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അതോറിറ്റികളുടെ സുരക്ഷ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ രാത്രിയായാല്‍ ക്രിമിനല്‍ സംഘങ്ങള്‍ ക്യാമ്പുകള്‍ കയ്യേറുന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നേതാവ് മൊഹിബ് ഉല്ല, വെടിയേറ്റാണ് സെപ്റ്റംബര്‍ അവസാന വാരത്തില്‍ കൊല്ലപ്പെടുന്നത്.
അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്സ്, എന്ന സംഘടനയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് ആണ് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ കുടുപലോങിലേത്. 2017 മുതല്‍ ഇവിടെ ഭൂരിഭാഗവും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തന്നെയാണുള്ളത്.