കോഴിക്കോട്: വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ പഠന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 2013ല്‍ ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. നടപടിയെടുക്കാത്തപക്ഷം കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്നും ഭയപ്പെടുത്തുന്നതും നിങ്ങള്‍ക്ക് മനസിലാകും,’ എന്നാണ് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നത്.
ഇതിനുപിന്നാലെയാണ് 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തത്തിന് കേരളം സാക്ഷിയാകുന്നത്. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. ഈ ദുരന്തത്തെ തുടര്‍ന്ന് മാധവ് ഗാഡ്ഗില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കൂ,’ എന്നയിരുന്നു ഗാഡ്ഗിലിന്റെ പ്രതികരണം.
നിലവില്‍ ഗാഡ്ഗിലിന്റെ ഈ രണ്ട് പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം പുത്തുമല ദുരന്തം അഞ്ച് വര്‍ഷത്തോടടുക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേയാണ് വയനാട്ടില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ദുരന്തം ഒരു ഗ്രാമത്തെ മുഴുവനായും ഇല്ലാതാക്കിയിരുന്നു. ദുരന്തത്തില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ച 17 പേരില്‍ അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ദുരന്തത്തെയും മുന്‍നിര്‍ത്തിയാണ് ഗാഡ്ഗിലിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.
ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടും വാക്കുകളും കേട്ടിരുന്നെങ്കില്‍ കേരളത്തില്‍ ഇത്രയും മരണങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇന്ന് പ്രകൃതി തെളിയിച്ചുവെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടുകളെ കുറിച്ച് സംസ്ഥാനം സംസാരിക്കുന്നതെന്നും വിമര്‍ശനം ഉയരുകയാണ്.
മാധവ് ഗാഡ്ഗില്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഗാഡ്ഗിലിന്റെ കോലം കത്തിച്ചും മറ്റുമാണ് പ്രതിഷേധം നടന്നത്. ഗാഡ്ഗില്‍ വികസനത്തിനെതിരാണെന്നും ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് ഇറക്കി വിടാനുമാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ തളളിയും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കേണ്ടത് ഈ സമയത്തെല്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങളല്ല അതിതീവ്രമഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Content Highlight: After the Meppadi landslide, environmental scientist Madhav Gadgil’s study report is being discussed on social media