ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേശിവലിവിന് പിന്നാലെയാണ് മെന്‍ഡിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ടീം നല്‍കുന്ന വിശദീകരണം.
ദുഷാന്‍ ഹേമന്തയാണ് മെന്‍ഡിസിന് പകരം ഫീല്‍ഡറായി കളത്തിലിറങ്ങിയത്. പാകിസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത സധീര സമരവിക്രമയാണ് കുശാല്‍ മെന്‍ഡിസിന് പകരം വിക്കറ്റ് കീപ്പറുടെ റോളിലെത്തിയിരിക്കുന്നത്.
കുശാല്‍ മെന്‍ഡിസിന്റെയും സധീര സമരവിക്രമയുടെയും സെഞ്ച്വറിയുടെ കരുത്തിലാണ് മത്സരത്തില്‍ ശ്രീലങ്ക കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നത്. 77 പന്തില്‍ 122 റണ്‍സ് നേടിയാണ് മെന്‍ഡിസ് കളം വിട്ടത്. 14 ബൗണ്ടറിയും ആറ് സിക്സറും ഉള്‍പ്പെടെയായിരുന്നു മെന്‍ഡിസ് റണ്‍സടിച്ചുകൂട്ടിയത്.
89 പന്തില്‍ നിന്നും 108 റണ്‍സ് നേടിയാണ് സമരവിക്രമ പുറത്തായത്. 11 ഫോറും രണ്ട് സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ പാതും നിസംഗയും ലങ്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. 61 പന്തില്‍ 51 റണ്‍സുമായാണ് നിസംഗ കളം വിട്ടത്.
മൂവരുടെയും ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് ശ്രീലങ്ക നേടിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും കുശാല്‍ മെന്‍ഡിസിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് കുശാല്‍ മെന്‍ഡിസ് സ്വന്തമാക്കിയത്.
നേരിട്ട 65ാം പന്തിലായിരുന്നു മെന്‍ഡിസ് ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത്. ഇതോടെ മുന്‍ നായകനും ലങ്കന്‍ ലെജന്‍ഡുമായ കുമാര്‍ സംഗക്കാരയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മെന്‍ഡിസ് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. 2015 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സംഗ നേടിയ 70 പന്തിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
345 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഇതിനോടകം തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 12 പന്തില്‍ 12 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും 15 പന്തില്‍ പത്ത് റണ്‍സ് നേടിയ ബാബര്‍ അസവുമാണ് പുറത്തായത്.
44 പന്തില്‍ 37 റണ്‍സുമായി അബ്ദുള്ള ഷഫീഖും 19 പന്തില്‍ പത്ത് റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാനായി ക്രീസില്‍.
Content highlight: After the match against Pakistan, Sri Lanka’s wicket-keeper batsman Kushal Mendis was hospitalized