മലയാളികളുടെ ഇഷ്ട നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനയത്തോടൊപ്പം തിരക്കഥാകൃത്ത് സംവിധായകന്‍ എന്ന നിലയിലും ധ്യാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍ ശേഷം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല.
എന്നാല്‍ താന്‍ ഇനി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് തീര്‍ച്ചയായും നിലവിലെ ട്രന്‍ഡ് അനുസരിച്ചായിരിക്കുമെന്നും വലിയ സ്‌കേലിലുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ധ്യാന്‍ പറയുന്നു.
സിനിമയിലെ ട്രെന്‍ഡ് താല്‍ക്കാലികം ആണെന്നും അത് മാറിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന പരീക്ഷണ സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ കൂടുതലെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘സിനിമ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ട്രെന്‍ഡ് അനുസരിച്ചാണ് സിനിമ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ആക്ഷന്‍ സിനിമ വിജയിച്ചു കഴിഞ്ഞാല്‍ അതിനെ പിന്തുടര്‍ന്ന് ഒരുപാട് ആക്ഷന്‍ സിനിമകള്‍ വരും. ഒരു സമയത്ത് ത്രില്ലര്‍ സിനിമകള്‍ ആയിരുന്നു അങ്ങനെ. രാക്ഷസന്‍ ഇറങ്ങിയതോടെ അതിനു പിന്നാലെ അഞ്ചാം പാതിര വരുന്നു ഫോറന്‍സിക്ക് വരുന്നു അങ്ങനെ ആയിരുന്നു. പിന്നെ ഒ.ടി. ടിയില്‍ ആളുകള്‍ക്ക് ത്രില്ലര്‍ കണ്ട് മടുത്തു തുടങ്ങുന്നു.
എനിക്ക് തോന്നുന്നത് ഇതെല്ലാം വളരെ താത്ക്കാലികമാണ് എന്നാണ്. കാരണം സിനിമകളെല്ലാം കുറച്ചു കാലമേ നില്‍ക്കുന്നുള്ളൂ. ഒരു ട്രെന്‍ഡിനെ മാത്രം പിടിച്ചു പോകാതെ കുറച്ചൊന്നു മാറി ചിന്തിക്കുകയാണെങ്കില്‍ നല്ലതാണെന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് ഇപ്പോള്‍ പരീക്ഷണ സിനിമകള്‍ക്ക് കുറച്ചുകൂടി പ്രേക്ഷകര്‍ കൂടിയിട്ടുണ്ട് എന്നാണ്. റോഷാക് പോലെയുള്ള സിനിമകളെല്ലാം പ്രേക്ഷകര്‍ അല്ലെങ്കില്‍ യുവതലമുറയില്‍ ഉള്ളവര്‍ കൂടുതലായി അംഗീകരിക്കുന്നുണ്ട്.
എല്ലാ ഴോണറിലുള്ള സിനിമകള്‍ക്കും ഇപ്പോള്‍ പ്രേക്ഷകര്‍ ഉണ്ട്. പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ കഴിയുന്ന സിനിമകള്‍, അത് എങ്ങനെയുള്ളതാണെങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം ആകുന്നുണ്ട്. ഞാനിനി ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിലവിലുള്ള ട്രെന്‍ഡിനെ പിടിച്ചു പോവാനാണ് ശ്രമിക്കുക. അത്തരം സിനിമകളെ ഞാനിനി ചെയ്യുകയുള്ളൂ. വലിയ സിനിമകള്‍ അല്ലെങ്കില്‍ ബ്രഹ്മാണ്ഡമെന്ന് പറയുന്ന സിനിമകളാണ് ഞാനിനി ചെയ്യാന്‍ ആഗ്രഹിക്കുന്നത്,’ധ്യാന്‍ പറയുന്നു.
content highlights: After the love action drama, Dhyan wants to do another big budget film