മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേനക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മറാത്തിയും ഹിന്ദിയും സംസാരിക്കാത്ത വോട്ടര്‍മാരുടെ പിന്തുണകൊണ്ടാണ് ശിവസേന സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ഫഡ്നാവിസ് പറഞ്ഞു.
മണ്ണിന്റെ മക്കളില്‍ അഭിമാനിക്കുന്ന ഉദ്ധവ് താക്കറെയുടെ ശിവസേന പാര്‍ട്ടി വിജയിച്ചത് ന്യൂനപക്ഷങ്ങളുടെ വോട്ട് കൊണ്ടാണെന്നാണ് ഫഡ്നാവിസ് പറഞ്ഞത്. മറാത്തി സംസാരിക്കുന്നവരുടെയോ തലമുറകളായി സംസ്ഥാനത്ത് താമസിക്കുന്ന ഉത്തരേന്ത്യന്‍ ജനതയുടെയോ വോട്ടുകള്‍ കൊണ്ടല്ല പ്രതിപക്ഷം വിജയിച്ചതെന്നും ഫഡ്നാവിസ് പറയുകയുണ്ടായി.
കഴിഞ്ഞ ആറ് മാസങ്ങളായി താക്കറെ തന്റെ പ്രസംഗം ആരംഭിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. ഒരു സമയത്ത് പ്രസംഗത്തിന് മുന്നോടിയായി ‘എന്റെ ഹിന്ദു സഹോദരി സഹോദരന്മാരെ’ എന്നാണ് താക്കറെ പറഞ്ഞിരുന്നതെന്ന് ഫഡ്നാവിസ് ആരോപിച്ചു. എന്നാല്‍ അടുത്തിടെയായി ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാന്‍ താക്കറെ ഈ രീതിയില്‍ മാറ്റം വരുത്തിയെന്നും ഫഡ്നാവിസ് പറഞ്ഞു.
ഹിന്ദു ഹൃദയസാമ്രാട്ട് ആയ ബാല്‍ താക്കറെയ്ക്ക് വേണ്ടി ‘സര്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയവരുടെ വോട്ട് കൊണ്ടാണ് ശിവസേനയും പ്രതിപക്ഷവും സംസ്ഥാനത്ത് വിജയം കണ്ടതെന്നും ഫഡ്നാവിസ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ ഭരണഘടനയെ മാറ്റാനും സംവരണം അവസാനിപ്പിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചരണം ഭരണകക്ഷിക്ക് സംസ്ഥാനത്ത് തിരിച്ചടിയായെന്നും ഫഡ്നാവിസ് സമ്മതിച്ചു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ശിവസേന-എന്‍.സി.പി-ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് ഉണ്ടായത്. 2019ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 29ഉം നേടിയ ബി.ജെ.പി ഇത്തവണ ഒമ്പതിലേക്ക് ചുരുങ്ങി. എന്നാല്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം പത്ത് സീറ്റില്‍ മത്സരിച്ച എന്‍.സി.പി എട്ട് സീറ്റ് വീതവും നേടി. 21 സീറ്റില്‍ മത്സരിച്ച യു.ബി.ടി ഒമ്പത് മണ്ഡലങ്ങളും പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഫഡ്നാവിസ് ഒരുങ്ങിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. രാജി പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫഡ്‌നാവിസിന്റെ ആവശ്യം കേന്ദ്രം തള്ളിയത്.
Content Highlight: After the Lok Sabha elections,Devendra Fadnavis criticized Shiv Sena