|

വലിച്ചതാണോ അതോ കൂട്ടിയിട്ട് കത്തിച്ചതോ? കോഹ്‌ലിക്ക് അപമാനമാണ്; കോഹ്‌ലിക്ക് തുല്യനായി ലിവര്‍പൂള്‍ താരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ കലിപ്പായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ചാറ്റ്ജി.പി.ടി ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്‍ഴ്‌സണെ മുന്‍ ഇന്ത്യന്‍ നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരവുമായ വിരാട് കോഹ്‌ലിയുടെ ഫുട്‌ബോള്‍ ഇക്വാലന്റ് എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍.

കഴിഞ്ഞ നവംബറില്‍ അവതരിപ്പിച്ചതുമുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ചാറ്റ്ജി.പി.ടി ലോകമെമ്പാടും തരംഗമായിരുന്നു. ആളുകളുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാന്‍ സാധിക്കുന്ന ചാറ്റ്‌ബോട്ടിന്റെ കഴിവും ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ പ്രീമിയര്‍ ലീഗിന്റെ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ ചോദിച്ച ചോദ്യവും ചാറ്റ്‌ബോട്ട് അതിന് നല്‍കിയ ഉത്തരവുമാണ് ചര്‍ച്ചയാകുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ ഈക്വാലന്റായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേര് പറയാനായിരുന്നു പ്രീമിയര്‍ ലീഗിന്റെ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ ആവശ്യപ്പെട്ടത്.

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിങ് ധോണിയെ ചെല്‍സി ലെജന്‍ഡ് പീറ്റര്‍ ചെക്കുമായാണ് ചാറ്റ്ജി.പി.ടി ചേര്‍ത്തുവെച്ചത്. ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌സണെയായിരുന്നു എ.ഐ പ്ലാറ്റ്‌ഫോം വിരാടിന്റെ ഈക്വാലന്റായി തെരഞ്ഞെടുത്തത്.

‘കോഹ്‌ലി ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌ണെ പോലെയായിരിക്കും. അദ്ദേഹം എല്ലായ്‌പ്പോഴും കഠിനമായി അധ്വാനിക്കുന്നവനാണ്. അദ്ദേഹത്തിന്റെ ലീഡര്‍ഷിപ് ക്വാളിറ്റിയും അപാരമാണ്. ഹെന്‍ഡേഴ്‌സണ്‍ സ്വയവും ടീമിനായും ഒരു സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്തിട്ടുണ്ട്. ഇത് കോഹ്‌ലി തന്റെ കരിയറിലുടനീളം ചെയ്തിട്ടുള്ള കാര്യമാണ്,’ എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ചാറ്റ്ജി.പി.ടി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു. വിരാട് കോഹ്‌ലി ക്രിക്കറ്റ് ലെജന്‍ഡ് ആണെന്നും ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ തന്നെ ഹെന്‍ഡേഴ്‌സണപറ്റി രണ്ട് അഭിപ്രായമാണെന്നും വിമര്‍ശനുമയരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഇത് കോഹ്‌ലിക്ക് അപമാനമാണെന്നായിരുന്നു ഒരാള്‍ ട്വീറ്റ ്‌ചെയ്തത്. എന്ത് വലിച്ച് കയറ്റിയിട്ടാണ് ഇതുപോലെ ഒരു താരതമ്യം ചെയ്തതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

അതേസമയം, ഇതേ കുറിച്ചുള്ള ചിന്തകളൊന്നുമില്ലാതെ തന്റെ ആദ്യ കിരീടത്തിനായാണ് വിരാട് കോഹ്‌ലി ലക്ഷ്യമിടുന്നത്. ഐ.പി.എല്ലിന്റെ 16ാം എഡിഷനില്‍ ആര്‍.സി.ബി കപ്പ് നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. വിരാടിന്റെ നിലവിലെ മാരക ഫോമും ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.

ഏപ്രില്‍ രണ്ടിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content Highlight: After the Liverpool star was announced as Kohli’s equivalent by ChatGPT, the fans were in a frenzy