ലഖ്‌നൗ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിന് പിന്നാലെ
ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബി.എസ്.പി നേതാവ് മായാവതി.
ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ വീടുകള്‍ നശിപ്പിക്കുന്നത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണെന്ന് മായാവതി പറഞ്ഞു. ഇത് അന്യായവും നിയമവിരുദ്ധവുമാണെന്നും ഈ തെറ്റായ നടപടി കോടതികള്‍ തിരിച്ചറിയണമെന്നും അവര്‍ ട്വിറ്റ് ചെയ്തു.
പ്രവാചകനിന്ദ നടത്തിയ നുപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രയാഗ് രാജിലെ മുഹമ്മദ് ജാവേദിന്റെ വീട് ഭരണകൂടം തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
അതേസമയം നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയാണ് യു.പി സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ വ്യാപകമാകുകയാണ്.
ആക്രമത്തിന് പിന്നിലെ ഗൂഢാലോചനക്കാരില്‍ ഒരാളാണെന്ന് ആരോപിച്ച് ജാവേദിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് അടങ്ങിയ സംഘം ജവേദിന്റെ വീട് തകര്‍ത്തത്. പ്രവാചക നിന്ദ നടത്തിയതിനെതിരെ പ്രതിഷേധിച്ച മറ്റ് രണ്ട് പേരുടേയും വീടുകള്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. മൂന്ന് നഗരങ്ങളിലായി രണ്ടുദിവസം കൊണ്ട് നാലു വീടുകളാണ് ഇത്തരത്തില്‍ പൊളിച്ചുനീക്കിയത്.
പ്രവാചക നിന്ദക്കെതിരെ വെള്ളിയാഴ്ച ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് യു.പിയില്‍ മാത്രം 300ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാവേദ് മുഹമ്മദിന്റെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ അഫ്രീന്‍ ഫാത്തിമയുടെ പ്രയാഗ് രാജിലെ കരേലിയിലുള്ള വീടാണ് ഞായറാഴ്ച പ്രയാഗ് രാജ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചത്. വീടു നിര്‍മിച്ചത് തങ്ങളുടെ അനുമതി കൂടാതെയാണെന്നായിരുന്നു അതോറിറ്റിയുടെ വാദം.
Content Highlights: After the house of those who protested against the blasphemy of the Prophet was bulldozedBSP leader Mayawati lashes out at BJP government