| Wednesday, 4th January 2023, 6:04 pm

രജിനിയുടെ വഴിയെ ശിവകാര്‍ത്തികേയനും; പ്രിന്‍സിന്റെ പരാജയത്തില്‍ വിതരണക്കാര്‍ക്ക് കോടികള്‍ നഷ്ടപരിഹാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടിപ്പിക്കല്‍ തമിഴ് സ്റ്റൈലിലുള്ള ചിത്രങ്ങളൊരുക്കി ഹിറ്റാക്കുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. സ്ഥിരമായി ഒരേ റൂട്ട് പിടിച്ചിട്ടും തിയേറ്ററില്‍ ആളെ കേറ്റാനും നിര്‍മാതാവിന്റെ കൈകള്‍ ഭദ്രമാക്കാനും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഒടുവില്‍ റിലീസ് ചെയ്ത പ്രിന്‍സ് പതിവ് രീതികളെയെല്ലാം തെറ്റിച്ചിരുന്നു. തിയേറ്ററില്‍ വന്‍പരാജയമാണ് പ്രിന്‍സിന് നേരിടേണ്ടി വന്നത്. നിരൂപകരും ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.

പ്രിന്‍സിന്റെ പരാജയത്തിന് പിന്നാലെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ എസ്.കെ വിതരണക്കാര്‍ക്ക് നല്‍കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസും മൂന്ന് കോടി നല്‍കിയിട്ടുണ്ട്. വിതരണക്കാര്‍ക്ക് 12 കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്. നഷ്ടത്തിന്റെ അമ്പത് ശതമാനമാണ് നടനും നിര്‍മാണ കമ്പനിയും ചേര്‍ന്ന് തിരികെ നല്‍കിയത്.

വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിച്ചത്. ഉക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് ചിത്രത്തില്‍ നായികയായെത്തിയത്. സത്യരാജ്, പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

അനുദീപ് കെ.വി. സംവിധാനം ചെയ്ത പ്രിന്‍സ് ഒക്ടോബര്‍ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ശ്രീ വെങ്കടേശ്വരന്‍ സിനിമാസാണ് പ്രിന്‍സ് നിര്‍മിച്ചത്.
പ്രിന്‍സിന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. കൊവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകളിലെത്തിയ എസ്.കെ. ചിത്രങ്ങളായ ഡോക്ടര്‍, ഡോണ്‍ എന്നിവ വമ്പന്‍ ഹിറ്റുകളായിരുന്നു.

Content Highlight: After the failure of Prince, Sivakarthikeyan has paid compensation to the distributors

We use cookies to give you the best possible experience. Learn more