'കേരള സ്‌റ്റോറി വിശ്വാസി സമൂഹത്തെ കാണിക്കേണ്ടത് അത്യാവശ്യം'; ഇടുക്കി രൂപതയ്ക്ക് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും
Kerala News
'കേരള സ്‌റ്റോറി വിശ്വാസി സമൂഹത്തെ കാണിക്കേണ്ടത് അത്യാവശ്യം'; ഇടുക്കി രൂപതയ്ക്ക് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2024, 9:29 am

തിരുവനന്തപുരം: ഇടുക്കി രൂപതക്ക് പിന്നാലെ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശേരി രൂപതയും. ശനിയാഴ്ചയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് രൂപത അറിയിച്ചു.

കെ.സി.വൈ.എം ആണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്ററും ഇപ്പോള്‍ കെ.സി.വൈ.എം പുറത്തിറക്കിയിട്ടുണ്ട്. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും ഇതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചിത്രം പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും ഈ ചിത്രം നിരോധിച്ചിട്ടില്ലെന്നുമാണ് പോസ്റ്ററില്‍ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റെ് പറയുന്നത്. സംഘടിതമായ റിക്രൂട്ടുകളെ തുറന്ന് കാണിക്കുകയാണ് ചിത്രം ചെയ്തതെന്നും അത് കൊണ്ട് തന്നെ ചിത്രം വിശ്വാസി സമൂഹത്തെ കാണിക്കേണ്ടത് അത്യാവശ്യമാണെന്നും കെ.സി.വൈ.എം പറഞ്ഞു.

ചില ഹിഡന്‍ അജണ്ടകള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. അത് തുറന്ന് കാട്ടേണ്ടത് ആവശ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യമാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. അതൊരിക്കലും നിരോധിക്കേണ്ടതല്ലെന്നും പോസ്റ്ററില്‍ പറയുന്നു.

അതിനിടെ, ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതക്ക് ഉണ്ടെന്നും എന്നാൽ യാഥാർത്ഥ്യമെന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത വിശദീകരണം നൽകിയത്. കൗമാരക്കാര്‍ പ്രണയത്തില്‍ പെട്ട് പോകാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് സംഭവത്തോട് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ തടയലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: After the Diocese of Idukki, the Diocese of Thamarassery is also preparing to display the story of Kerala