കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് തോല്‍വിയ്ക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ വിസര്‍ജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയില്‍ എല്‍.ഡി.എഫ് പ്രചാരണം നടത്തിയത്. കെ.വി. തോമസിന് ഇനി മുഖം മറക്കാതെ പുറത്തിറങ്ങാനാവില്ലായെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.
മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണം. പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് നയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ക്യാറ്റ്’ പോയി എന്നതാണെന്നും കുമ്പളങ്ങിയില്‍ നിന്ന് ഇനി സില്‍വര്‍ലൈന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി.
‘ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്.
മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു തെരഞ്ഞെടുപ്പ് ജനവിധിയാണെന്ന്. അങ്ങനെയാണെങ്കില്‍ ജനഹിതം മാനിച്ച് നൂറു തികക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്ത് നിയോജക മണ്ഡലത്തില്‍ കുത്തിപ്പിടിച്ചിരുന്ന മുഖ്യമന്ത്രി ജനഹിതം മാനിച്ച് രാജിവെക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി.
‘ഇത് തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. തൃക്കാക്കരയിലെ വിജയം കേരളത്തിലാകെ ആവര്‍ത്തിക്കുന്നതിന് വേണ്ടി സംഘടനാപരമായി കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തും. ഈ ഫലം അതിനുള്ള ഊര്‍ജമാണ്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: After the defeat of the LDF in the Thrikkakara by-electionRajmohan Unnithan MP mocks Thomas