| Monday, 11th July 2022, 11:39 am

സ്ട്രീക്ക് എന്‍ഡ്‌സ്; തോല്‍വിക്ക് പിന്നാലെ അണ്ടര്‍ടേക്കറായി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ട്രെന്റ് ബ്രിഡ്ജില്‍ വെച്ച് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആതിഥേയര്‍ക്ക് മുമ്പില്‍ സന്ദര്‍ശകര്‍ 17 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ഡേവിഡ് മലനിന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 215 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 198 റണ്‍സില്‍ പോരാട്ടം അവസാനിച്ചു.

ഇന്ത്യ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ നായകന്റെ വിന്നിങ് സ്ട്രീക്ക് കൂടിയാണ് നഷ്ടമായത്. തുടര്‍ച്ചയായി 14 ടി-20 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ക്യാപ്റ്റന്‍ എന്ന താരത്തിന്റെ വിജയപരമ്പരയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

നേരത്തെ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 13 ജയം സ്വന്തമാക്കി താരം റെക്കോഡിട്ടിരുന്നു. അതിന് ശേഷം ഒരു വിജയം കൂടി സ്വന്തമാക്കി റെക്കോഡ് ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, മൂന്നാം ടി-20യില്‍ ടീം സെലക്ഷനിലെ അപാകതകള്‍ കാരണം തന്നെയാണ് ഇന്ത്യയ്ക്ക് അര്‍ഹിച്ച വിജയം നഷ്ടമായത്. വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഒരു തരത്തിലുമുള്ള പിന്തുണയും ലഭിക്കാതെ വന്നതോടെയാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

ഇതോടെ റെസില്‍മാനിയയില്‍ തന്റെ വിന്നിങ് സട്രീക്ക് അവസാനിച്ചപ്പോള്‍ തലകുനിച്ചിരുന്ന അണ്ടര്‍ടേക്കറിനെയാവും പലര്‍ക്കും ഓര്‍മവന്നിരിക്കുക.

പ്രൊഫഷണല്‍ റെസ്‌ലിങ്ങിലെ തന്നെ ഏറ്റവും വലിയ വിന്നിങ്ങ് സ്ട്രീക്കായിരുന്നു റെസില്‍മാനിയ 30ല്‍ ബ്രോക്ക് ലെസ്‌നറിന് മുമ്പില്‍ തകര്‍ന്നുവീണത്. അതുപോലെ രോഹിത് ശര്‍മയുടെ ടി-20യിലെ വിജയപരമ്പരയും റെക്കോഡിനും ജോസ് ബട്‌ലറും സംഘവും തടയിടുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ തോറ്റെങ്കിലും പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ടീമിനെ ഒന്നൊഴിയാതെ നിഷ്പ്രഭരാക്കിയായിരുന്നു ആദ്യ രണ്ട് മത്സരത്തിലും വിജയം പിടിച്ചടക്കിയത്.

ബൗളര്‍മാരായിരുന്നു ഇന്ത്യന്‍ ടീമിന്റെ കരുത്ത്. അത് അര്‍ത്ഥവത്താക്കുന്ന രീതിയിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ടി-20 ലോകകപ്പ് ജയിക്കാന്‍ പൊട്ടെന്‍ഷ്യലുള്ള ബെഞ്ച് സ്‌ട്രെങ്ത് ഇന്ത്യയ്ക്കുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ഏത് ലോകോത്തര ബാറ്ററുടെയും മുട്ടുവിറപ്പിക്കാന്‍ പറ്റിയ ബൗളര്‍മാരും പിച്ചിലും ടേണിലും ലെങ്ത്തിലും എങ്ങനെയൊക്കെ ചതിയൊരുക്കിയാലും എതിരാളികളുടെ ഏത് പന്തും നേരിട്ട് റണ്ണടിച്ചുകൂട്ടാന്‍ പറ്റിയ ബാറ്റര്‍മാരും ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ സ്‌ക്വാഡ് തെരഞ്ഞെടുപ്പും പ്ലെയിങ് ഇലവനെയും അടിസ്ഥാനമാക്കിയാവും ഇന്ത്യയുടെ ജയപരാജയങ്ങള്‍.

Content Highlight: After the defeat against England, Rohit Sharma’s winning streak has come to an end

We use cookies to give you the best possible experience. Learn more