ചരിത്രത്തിലാദ്യം; സ്വന്തം മണ്ണില്‍ ട്രിപ്പിള്‍ നാണക്കേട്, തലകുനിച്ച് ഇന്ത്യ
Sports News
ചരിത്രത്തിലാദ്യം; സ്വന്തം മണ്ണില്‍ ട്രിപ്പിള്‍ നാണക്കേട്, തലകുനിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 7:24 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.

ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂപ്പര്‍ താരങ്ങള്‍ക്കൊന്നും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 58 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

സ്‌കോര്‍

ഇംഗ്ലണ്ട് – 246 & 420

ഇന്ത്യ (T: 231) – 436 & 202

ഈ തോല്‍വിക്ക് പിന്നാലെ പല അനാവശ്യ റെക്കോഡുകളും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്.

സ്വന്തം മണ്ണില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ നൂറിലധികം റണ്‍സിന്റെ ലീഡ് നേടിയ ശേഷം ഒരു മത്സരം പരാജയപ്പെടുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമാണ്.

ഇതിന് പുറമെ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടുകളില്‍ ഒന്നായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത് എന്ന നാണക്കേടും ഈ തോല്‍വിക്കുണ്ട്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ ഇന്ത്യക്ക് വിജയം കണ്ടെത്താന്‍ സാധിക്കാതെ പോയത്. ഇതിന് മുമ്പ് നടന്ന രണ്ട് ഹോം മത്സരങ്ങളില്‍ ഒന്നില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും മറ്റൊന്നില്‍ സമനില വഴങ്ങുകയുമാണ് ഉണ്ടായത്.

ഹൈദരാബാദ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് പുറകിലാണ്. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖ പട്ടണമാണ് വേദി.

 

Content Highlight: After the defeat against England, India owns many unnecessary records