| Friday, 8th July 2022, 5:23 pm

'കര്‍ശനമായ തോക്ക് നിയന്ത്രണ നിയമങ്ങളുള്ള രാജ്യം, ഗണ്‍ വയലന്‍സ് ഏറ്റവും കുറവുള്ള രാജ്യം'; ഷിന്‍സോ ആബെയുടെ മരണത്തിന് പിന്നാലെ ചര്‍ച്ചയായി ജപ്പാനിലെ സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ജപ്പാനിലെ തോക്ക് നിയമങ്ങളും നിയന്ത്രണങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ജപ്പാന്‍. അതുകൊണ്ട് തന്നെ ആബെയുടെ മരണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ആശങ്കയുളവാക്കുന്നുണ്ട്.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ഗണ്‍ വയലന്‍സ് ക്രൈം റേറ്റുള്ള രാജ്യമാണ് ജപ്പാന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനിലെ തോക്ക് നിയമങ്ങളും വളരെ കര്‍ക്കശമാണ്.

125 മില്യണ്‍ ജനങ്ങളുള്ള ജപ്പാനില്‍ ഗണ്‍ ഓണര്‍ഷിപ്പിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.

നിയമപ്രകാരം ഷോട്ഗണ്ണുകളും എയര്‍ റൈഫിളുകളും മാത്രമാണ് രാജ്യത്ത് വില്‍ക്കാന്‍ സാധിക്കുക. എന്നാല്‍ ഇവ തന്നെ കൈവശം വെക്കണമെങ്കില്‍ സങ്കീര്‍ണമായ നിയമസംവിധാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹാന്‍ഡ്ഗണ്ണുകള്‍ രാജ്യത്ത് നിയമവിരുദ്ധമാണ്.

തോക്കിന് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യുക, എഴുത്തുപരീക്ഷ പാസാകുക, മിനിമം 95 ശതമാനം കൃത്യതയില്‍ ഷൂട്ടിങ് റേഞ്ച് ടെസ്റ്റ് പാസാകുക എന്നീ കടമ്പകള്‍ കടക്കേണ്ടതുണ്ട്. മാനസികാരോഗ്യം സംബന്ധിച്ച പരിശോധനക്കും, ഡ്രഗ് ടെസ്റ്റിനും ഹാജരാകേണ്ടി വരും. വ്യക്തിയെപ്പറ്റി കൃത്യമായ പശ്ചാത്തല പരിശോധന നടത്തി മാത്രമേ ജപ്പാനില്‍ തോക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ.

ഹാന്‍ഡ്ഗണ്‍, മിലിറ്ററി റൈഫിള്‍, മെഷീന്‍ ഗണ്‍, ഹണ്ടിങ് ഗണ്‍, ചില എയര്‍ ഗണ്ണുകള്‍ എന്നിവ കൈവശം വെക്കാനും രാജ്യത്തെ സിവിലിയന്‍സിന് അനുമതിയില്ല. നിയമം ലംഘിച്ചുകൊണ്ട് തോക്ക് കൈവശം വെക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

12 കോടിയിലധികം ജനസംഖ്യയുള്ള ജപ്പാനില്‍ 2017ല്‍ ആകെ 3,77,000 ഗണ്ണുകള്‍ മാത്രമാണ് സിവിലിയന്‍സിന്റെ പക്കലുണ്ടായിരുന്നത്. 0.25 ശതമാനമാണ് ഇതിന്റെ തോത്. അമേരിക്കയില്‍ ഇത് 120 ശതമാനമാണെന്നാണ് സ്‌മോള്‍ ആംസ് സര്‍വേ പ്രകാരം പറയുന്നത്.

2018ല്‍, തോക്ക് മൂലമുള്ള അക്രമങ്ങള്‍ കാരണം ഒമ്പത് പേരുടെ മരണം മാത്രമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അമേരിക്കയില്‍ അതേ വര്‍ഷം 39,740 പേര്‍ ഗണ്‍ വയലന്‍സില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിഡ്‌നി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ താരതമ്യം കാണിക്കുന്നത്.

2016ല്‍ 25 പേരും 2017ല്‍ 23 പേരും 2019ല്‍ മൂന്ന് പേരും മാത്രമാണ് തോക്ക് മൂലം ജപ്പാനില്‍ കൊല്ലപ്പെട്ടത്. 2019ല്‍ അമേരിക്കയില്‍ 37,038 പേരും ഇന്ത്യയില്‍ 14,710 പേരും കൊല്ലപ്പെട്ട സ്ഥാനത്താണിത്.

”ഇത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് മാത്രമല്ല, സാംസ്‌കാരികപരമായി രാജ്യത്തെ ആഴമേറിയ രീതിയില്‍ ബാധിക്കുന്നതുമാണ്. അമേരിക്കയിലേത് പോലൊരു തോക്ക് സംസ്‌കാരം ജപ്പാനിലുണ്ടാകുന്നത് ഇവിടത്തെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്ത ഒരു നിമിഷമാണിത്,” ആബെയുടെ മരണത്തിന് പിന്നാലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ ജപ്പാനിലെ ഡയറക്ടര്‍ നാന്‍സി സ്‌നോ സി.എന്‍.എന്നിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ആബെയുടെ മരണം ജപ്പാനെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അവര്‍ പറഞ്ഞു.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്ന ഷിന്‍സോ ആബെ നാല് തവണയാണ് ജപ്പാന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. 2006- 2007, തുടര്‍ച്ചയായി 2012- 2020 കാലഘട്ടങ്ങളിലായിരുന്നു ആബെ ജപ്പാന്‍ ഭരിച്ചത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ റാലിക്കിടെ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രതിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

40കാരനായ ഈ ജപ്പാന്‍കാരന്‍ ഹാന്‍ഡ്‌മേഡ് ഗണ്ണുപയോഗിച്ചാണ് ആബെയെ വെടിവെച്ചതെന്നാണ് ജപ്പാന്‍ പൊലീസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്നും പ്രതി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ആബെയ്ക്ക് രണ്ട് തവണ നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജപ്പാനിലെ പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചക്ക് 2:30തോടെയാണ് ജാപ്പനീസ് മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്.

ആബെ വെടിയേറ്റ് വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ ജാപ്പനീസ് മാധ്യമമായ എന്‍.എച്ച്.കെ ടി.വി പുറത്തുവിട്ടിരുന്നു. ആബെക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നെന്നും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: After the death of Shinzo Abe, Japan’s strict gun laws becomes a discussion

We use cookies to give you the best possible experience. Learn more