Asia Cup
ഇത് ആരുടെ കണ്ണില്‍ പൊടിയിടാന്‍? ഒറ്റ ഏകദിനം പോലും കളിക്കാത്തവനും ഒ.ഡി.ഐ ഫ്‌ളോപ്പും നേരിട്ട് ടീമില്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളും ശക്തമാകുന്നു. സൂര്യകുമാര്‍ യാദവ് അടക്കമുള്ള പല സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയതും പല താരങ്ങളെ പുറത്താക്കിയതിനെതിരെയുമാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഒറ്റ ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മയെ ടീമിന്റെ ഭാഗമാക്കിയത് ആരാധകരെ സംബന്ധിച്ച് സര്‍പ്രൈസായിരുന്നു. രണ്ടാഴ്ച മുമ്പ് മാത്രം അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറുകയും കേവലം ഏഴ് ടി-20 മത്സരം മാത്രം കളിക്കുകയും ചെയ്ത തിലക് വര്‍മയെ വേള്‍ഡ് കപ്പ് ഇയറില്‍ ഏഷ്യാ കപ്പിന്റെ സ്‌ക്വാഡിന്റെ ഭാഗമാക്കിയത് അല്‍പം ‘ധീരമായ’ തീരുമാനമായാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ഏകദിനത്തില്‍ സ്ഥിരം ഫ്‌ളോപ്പായ സൂര്യകുമാര്‍ യാദവിന്റെ ഇന്‍ക്ലൂഷന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു ഞെട്ടലുമില്ലാതെയാണ് അവര്‍ തീരുമാനത്തോട് പ്രതികരിച്ചത്. സൂര്യകുമാര്‍ യാദവിന് ഏകദിനം കളിച്ചുപഠിക്കാനുള്ള അവസരം നല്‍കണമെന്ന പ്രസ്താവനക്ക് പിന്നാലെ സൂര്യ ഏഷ്യ കപ്പിനുള്ള ടീമില്‍ ഉണ്ടായിരിക്കുമെന്ന് ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ചതാണ്.
ഇന്ത്യക്കായി 26 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 24.33 ശരാശരയിലും 101.38 എന്ന സ്‌ട്രൈക്ക് റേറ്റിലും 511 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് താരത്തിന്റെ പേരിലുള്ളത്.
സൂര്യയെക്കാള്‍ സ്ഥിരതയോടെ ഏകദിനം കളിക്കുന്ന സഞ്ജുവിനെ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ടീമിന്റെ ഭാഗമാക്കിയത്. ഇഷാന്‍ കിഷനും കെ.എല്‍. രാഹുലും അടക്കം രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ സ്‌ക്വാഡിന്റെ ഭാഗമായിരിക്കെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ‘ടീമിന്റെ ഭാഗമാക്കിയതി’ലെ അയുക്തിയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
കെ.എല്‍. രാഹുല്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഇത് അപെക്‌സ് ബോര്‍ഡിന്റെ ശക്തമായ തീരുമാനമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണ മുക്തി നേടാത്ത രാഹുലിനെ ഏഷ്യാ കപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറുടെ കഠിനമായ ചുമതലയേല്‍പ്പിക്കുന്നതിലെ ‘തലതിരിഞ്ഞ ലോജിക്കും’ ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.
വിക്കറ്റ് കീപ്പറുടെ റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, താനൊരു ഡിപ്പന്‍ഡബിള്‍ അസെറ്റാണെന്ന് പലകുറി തെളിയിച്ചതുമാണ്.
നിലവില്‍ സ്‌ക്വാഡിലുള്ള പല താരങ്ങളേക്കാളും മികച്ച കരിയര്‍ സ്റ്റാറ്റ്‌സാണ് സഞ്ജുവിനുള്ളത്. ഇന്ത്യക്കായി കളിച്ച 13 ഏകദിനത്തിലെ 12 ഇന്നിങ്‌സില്‍ നിന്നും 390 റണ്‍സാണ് സഞ്ജു നേടിയത്. പുറത്താകാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 55.71 എന്ന തകര്‍പ്പന്‍ ആവറേജിലും 104.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന സഞ്ജു മൂന്ന് അര്‍ധ സെഞ്ച്വറികളും 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌ക്വാഡില്‍ ഇതിനോടകം തന്നെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളതിനാല്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഈ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ പൊസിഷനെന്ന് ചോദിക്കുന്നവരും കുറവല്ല.
ലോകകപ്പിന് മുമ്പ് സഞ്ജുവിന് സ്വയം തെളിയിക്കാന്‍ ഇനി മത്സരങ്ങള്‍ ഒന്നും തന്നെ ലഭിക്കില്ല എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്. അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ മൂന്നാം മത്സരത്തില്‍ ജിതേഷ് ശര്‍മയുടെ അരങ്ങേറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.
ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ഏഷ്യാ കപ്പിനെ ആരാധകര്‍ നോക്കിക്കാണുന്നത്. ഈ സ്‌ക്വാഡിനെ തന്നെയാകും ഇന്ത്യ പരീക്ഷിക്കുക. അങ്ങനെയെങ്കില്‍ ആരാധകര്‍ വീണ്ടും നിരാശരാകേണ്ടി വന്നേക്കും.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.
റിസര്‍വ് താരം: സഞ്ജു സാംസണ്‍
Content Highlight: After the BCCI announced the Indian team for the Asia Cup, the criticism is intensifying.