| Thursday, 24th October 2024, 6:13 pm

തുര്‍ക്കിയിലെ എയറോസ്‌പേസ് ആസ്ഥാനത്തെ ആക്രമണത്തിന് പിന്നാലെ സിറിയയിലും ഇറാഖിലും ആക്രമണം നടത്തി തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ എയറോസ്പപേസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാഖിലേയും സിറിയയിലേയും കുര്‍ദിഷ് കേന്ദ്രങ്ങളെ ആക്രമിച്ച് തുര്‍ക്കി. എയറോസ്‌പേസ് കേന്ദ്രത്തിലെ ആക്രമണത്തിന് പിന്നില്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്ന് ആരോപിച്ചാണ് ആക്രമണം.

പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇറാഖിലേയും സിറിയയിലേയും 47 കുര്‍ദ്ദിഷ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയില്‍ ജനവാസ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സ്വീകരിച്ചിരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായും 25 പേര്‍ക്ക് പരിക്കേറ്റതായും യു.എസിന്റെ പിന്തുണയോടെ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ഇറാഖിലെ 29 കുര്‍ദിഷ് കേന്ദ്രങ്ങളാണ് തുര്‍ക്കി ആക്രമിച്ചത്. ഇവയ്ക്ക് പുറമെ വടക്കന്‍ സിറിയയിലെ 18 കേന്ദ്രങ്ങളിലും തുര്‍ക്കി സൈന്യം ആക്രമണം നടത്തിയതായി തുര്‍ക്കി പ്രതിരോധ മന്ത്രി യാസര്‍ ഗുലര്‍ അറിയിച്ചിരുന്നു.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി (പി.കെ.കെ) ബന്ധമുള്ള വൈ.പി.ജിയെന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ആക്രമണത്തില്‍ പങ്കാളിയായ റോജര്‍ എന്ന രഹസ്യപേരുള്ള പി.കെ.കെ ഭീകരനെ തങ്ങള്‍ തിരിച്ചറിഞ്ഞതായി തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനി ഒരു സ്ത്രീ കൂട്ടാളിയെക്കൂടി തിരിച്ചറിയാന്‍ ഉണ്ടെന്നാണ് വിവരം.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ പി.കെ.കെ ഏറ്റെടുത്തിട്ടില്ല. ഇറാഖിലെ പി.കെ.കെയ്ക്കെതിരെയും അവരുമായി ബന്ധമുള്ള സിറിയയിലെ മറ്റ് കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കെതിരേയും തുര്‍ക്കി നിരന്തരമായി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് എയ്റോസ്‌പേസ് കേന്ദ്രം ആക്രമിച്ചതെന്നാണ് സൂചന.

ഇന്നലെ (വ്യാഴാഴ്ച്ച) തുര്‍ക്കി എയറോസ്‌പേസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍ക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, വ്യോമയാന കമ്പനികളിലൊന്നിലാണ് ആക്രമണം ഉണ്ടായത്. റൈഫിളുമായെത്തിയ ആക്രമികള്‍ സ്ഫോടനങ്ങളും വെടിവെപ്പും നടത്തുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: After the attack on Turkish aerospace headquarters, Turkey launched attacks in Syria and Iraq

Latest Stories

We use cookies to give you the best possible experience. Learn more