ധാക്ക: ബംഗ്ലാദേശില്‍ സ്വാമി ചിന്മോയ് കൃഷ്ണദാസ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഹരജി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഹരജി.
ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടതിന് പുറമെ ചട്ടോഗ്രാമിലും രംഗ്പൂരിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പുണ്ഡരിക് ധാമിന്റെ പ്രസിഡന്റായ ചിന്മോയ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ധാക്കയില് നിന്ന് ചിറ്റാഗോങിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചിന്മോയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ജനറല്‍ സെക്രട്ടറിയായ ഡോ. മൃത്യുഞ്ജയ് കുമാര്‍ റോയ്, ഇസ്‌കോണ്‍ നിരോധിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നതായി പറഞ്ഞിരുന്നു. ‘ഇസ്‌കോണ്‍ എന്ത് തെറ്റാണ് ചെയ്തത്? ഇസ്‌കോണ്‍ ശ്രീകൃഷ്ണനെക്കുറിച്ച് സംസാരിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമാധാനപരമായ സംഘടനയാണ്,’ അദ്ദേഹം പറഞ്ഞു.
ഇസ്‌കോണിന്റെ നിരോധനത്തില്‍ ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണ്‍ അടക്കമുള്ളവരും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഇസ്‌കോണ്‍ പുരോഹിതനായ ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ നമ്മളെല്ലാവരും അപലപിക്കുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. ബംഗ്ലാദേശ് എന്ന് രാജ്യം രൂപീകരിക്കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ അവരുടെ ജീവന്‍ പോലും ബലി കഴിപ്പിച്ചു. രാജ്യത്തിന്റെ വിഭവങ്ങള്‍ ചെലവഴിച്ചു. ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും പവന്‍ കല്യാണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ പറയുന്നു.
പവന്‍ കല്യാണിന് പുറമെ ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചിന്മോയിയുടെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അറസ്റ്റ് അനീതി ആണെന്നും വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്.
ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ചിറ്റാഗോങ്ങില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. സൈഫുല്‍ ഇസ്‌ലാം അലിഫ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്.
Content Highlight: After the arrest of Chinmoy Krishna Das, a petition was filed in the Bangladesh High Court to ban ‘ISKCON’