'സച്ചിന്‍ വിരമിച്ചതോടെ ഇന്ത്യയില്‍ ക്രിക്കറ്റ് മരിച്ചു'; കലിയടങ്ങുന്നില്ല, ആരാധകരുടെ പ്രതിഷേധം ശക്തം
Sports News
'സച്ചിന്‍ വിരമിച്ചതോടെ ഇന്ത്യയില്‍ ക്രിക്കറ്റ് മരിച്ചു'; കലിയടങ്ങുന്നില്ല, ആരാധകരുടെ പ്രതിഷേധം ശക്തം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd June 2023, 8:35 pm

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമിനെ ബി.സി.സി.ഐ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്.

ജൂലൈ 12നാണ് പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയില്ലാതെയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വസ്തുത. കൗണ്ടിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോഴും ദേശീയ ടീമിന് വേണ്ടി തിളങ്ങാന്‍ സാധിക്കാതെ പോയതാണ് പൂജാരക്ക് വിനയായത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലടക്കം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പൂജാരക്ക് പുറമെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയും അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കണക്കിലെടുത്താണ് താരത്തിന് വിശ്രമം അനുവദിച്ചതെന്നാണ് സൂചന.

ക്യാപ്റ്റനായി രോഹിത് ശര്‍മ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉപനായക സ്ഥാനത്തേക്ക് അജിന്‍ക്യ രഹാനെയുമെത്തി. യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും സ്‌ക്വാഡില്‍ ഇടം നേടിയെന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇവര്‍ക്ക് പുറമെ മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി എന്നിവരും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പല യുവതാരങ്ങളും സ്‌ക്വാഡിന്റെ ഭാഗമായപ്പോള്‍ സെലക്ടര്‍മാര്‍ ഒഴിവാക്കിയ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിലാണ് ആരാധകര്‍ ഏറ്റവുമധികം അമര്‍ഷം പ്രകടിപ്പിച്ചത്.

ഇതിന് പുറമെ സ്‌ക്വാഡ് സെലക്ഷനിലെ പല പോരായ്മകളും ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍ശിക്കുകയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍സി നല്‍കാന്‍ പാടില്ലായിരുന്നു എന്നൊരാള്‍ കുറിച്ചപ്പോള്‍ ഐ.പി.എല്ലിലെ കളി കണ്ടിട്ടാണോ ഋതുരാജിനെ ടീമില്‍ എടുത്തതെന്നായിരുന്നു മറ്റൊരളുടെ സംശയം.

സര്‍ഫറാസ് ഖാനെയും അഭിമന്യു ഈശ്വരനെയും ഉള്‍പ്പെടുത്താത് മോശമായെന്നും സച്ചിന്‍ വിരമിച്ചതോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഇല്ലാതായെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.

ഈ പരമ്പരയോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിന് കൂടിയാണ് ഇന്ത്യ തുടക്കമിടുന്നത്. മൂന്ന് എവേ സീരീസും മൂന്ന് ഹോം സീരീസുകളുമാണ് ഇന്ത്യയുടെ ഡബ്ല്യൂ.ടി.സി 2023-25 സൈക്കിളിലുള്ളത്.

ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ ഇന്ത്യയിലെത്തി മത്സരങ്ങള്‍ കളിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇന്ത്യ പര്യടനം നടത്തുക.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ. എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി

 

Content Highlight: After the announcement of the Test team for the West Indies tour, the fans came out with criticism