മുംബൈ: ഐ.പി.എല്ലിനിടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഉടമ ഹര്‍ഷ് ഗോയങ്ക ടീമിലെ മുതിര്‍ന്ന താരവും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണി പരസ്യമായി പലവട്ടം അപമാനിച്ചിരുന്നു. ധോണിയുടെ പിന്നാലെ നടന്ന് ആക്രമിച്ച് മതിയായ ഹര്‍ഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെയാണ്.
അനില്‍ കുംബ്ലെയുമായി കോഹ്‌ലിയ്ക്കുണ്ടായ അഭിപ്രായ ഭിന്നതയും തുടര്‍ന്ന് കുംബ്ലെയുടെ രാജിയിലേയ്ക്കും നയിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോഹ്‌ലിയ്‌ക്കെതിരെ ഹര്‍ഷ് രംഗത്തെത്തിയത്. പഴയതു പോലെ പറയാതെ പറഞ്ഞ് കോഹ്‌ലിയെ ട്രോളുകയാണ് പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ കൂടിയായ ഹര്‍ഷ ഗോയങ്ക.
ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഷിന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ അയക്കാന്‍ വേണ്ട യോഗ്യതകള്‍ എന്നു പറഞ്ഞായിരുന്നു ട്വീറ്റ്. അതില്‍ പറയുന്ന യോഗ്യതകള്‍ ടീമിന്റെ യാത്രസൗകര്യം ഉറപ്പു വരുത്തുക, ഹോട്ടല്‍ റൂം ബുക്ക് ചെയ്യുക, ഇന്ത്യന്‍ നായകന്റേയും ബി.സി.സി.ഐയുടേയും ആജ്ഞാനുവര്‍ത്തികളാവുക എന്നിവയാണ്.
കുംബ്ലെയുടെ രാജിയ്ക്ക് പിന്നാലെ ആ സ്ഥാനത്തേക്ക് പുതിയ ആളെ തേടുകയാണ് ബി.സി.സി.ഐ. വിരേന്ദര്‍ സെവാഗും ടോം മൂഡിയടക്കമുള്ളവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷെ, ടീം ഡയറക്ടര്‍ രവി ശാസ്ത്രിയ്ക്കാണ് പുതിയ പരിശീലകനാകാനുള്ള സാധ്യത കൂടുതലുള്ളത്.
അതേസമയം, ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരെ കരീബിയന്‍ മണ്ണില്‍ ഏറ്റുമുട്ടുകയാണ്. ആദ്യത്തെ മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 105 റണ്‍സിന് വിജയിക്കുകയായിരുന്നു.