സിറിയയ്ക്ക് പിന്നാലെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
World News
സിറിയയ്ക്ക് പിന്നാലെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st December 2018, 11:42 am

വാഷിങ്ടണ്‍: സിറിയയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 14,000 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ സേവനം അനുഷ്ടിക്കുന്നത്. ഇതില്‍ പകുതിയാളുകളെ തിരിച്ചുവിളിക്കാനാണ് ; ട്രംപിന്റെ നീക്കമെന്ന് അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ഘട്ടം ഘട്ടമായാകും നടപടി. നിലവില്‍ താലിബാനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാണ് അമേരിക്ക. 2001 മുതലാണ് അഫ്ഗാനില്‍ തീവ്രവാദത്തിനെതിരെയെന്ന പേരില്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചത്.

ALSO READ: സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

അടുത്ത വര്‍ഷത്തോടെ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം പൂര്‍ത്തിയാകുമെന്നും നിലവില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അമേരിക്കയിലെ ഉന്നത പ്രതിനിധികള്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പിന്‍മാറ്റത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നിലവില്‍ താലിബാനടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ പോരാടുന്നതിനൊപ്പം അഫ്ഗാന്‍ സൈന്യത്തെ പരിശീലപ്പിക്കുന്ന ജോലിയും യു.എസ്. സൈന്യം ചെയ്യുന്നുണ്ട്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് പെന്റഗണ്‍ രംഗത്തെത്തി. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടെന്ന നിലപാടിലാണ് ദേശീയ സുരക്ഷ കൗണ്‍സില്‍ പ്രതിനിധി ഗാരെത് മാര്‍ക്വിസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തുന്നത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 38,480 സാധാരണക്കാരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്ര സമിതിയുടെ മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇതുവരെ 2,798 സാധാരണക്കാര്‍ മരിക്കുകയും 5252 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.