| Saturday, 27th February 2021, 10:06 am

ഗുജറാത്തില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ആം ആദ്മി; റാലിയില്‍ വന്‍ ജനപങ്കാളിത്തം; ഗുജറാത്തിന് ഇത് പുതിയ പ്രതീക്ഷയെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ 27 സീറ്റ് നേടിയത് ആം ആദ്മി പാര്‍ട്ടിക്ക് വലിയരീതിയിലുള്ള ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്താന്‍ കഴിയുമെന്നാണ് ആം ആദ്മി കരുതുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ ആം ആദ്മി നടത്തിയ റാലികളില്‍ വലിയതോതിലാണ് ജനങ്ങള്‍ പങ്കെടുത്തത്. റാലികളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സൂറത്തില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഗുജറാത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്’ എന്ന ക്യാപ്ഷനോടെയാണ് കെജ്‌രിവാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയുടെ വിജയം ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പരിഭ്രാന്തരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

”ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം തരൂ. 25 വര്‍ഷത്തെ ബി.ജെ.പി ഭരണം നിങ്ങള്‍ മറക്കും. ആം ആദ്മി യുവ രക്തത്തിന്റെ പാര്‍ട്ടിയാണ്, ”സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകള്‍ക്ക് നന്ദി അറിയിക്കാന്‍ ഡയമണ്ട് സിറ്റിയില്‍ നടത്തിയ റോഡ്ഷോയില്‍ കെജ്‌രിവാള്‍ പറഞ്ഞു.

സൂറത്തിലെ മൊത്തം സീറ്റില്‍ ബി.ജെ.പിക്ക് 93 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞതവണ 36 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ സീറ്റുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഇതോടെയാണ് സൂറത്തില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായി ആം ആദ്മി മാറിയത്.

കോണ്‍ഗ്രസിനെ എല്ലായിടത്തുനിന്നും തുടച്ചുനീക്കുകയാണെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ വെല്ലുവിളിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 576 സീറ്റുകളില്‍ 480 സീറ്റുകളാണ് ലഭിച്ചത്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് മത്സരം നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights:After Surat win, AAP sets eyes on 2022 assembly poll

Latest Stories

We use cookies to give you the best possible experience. Learn more