ന്യൂദല്‍ഹി: നാഗാലന്റില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്ര വാഗ്ദാനം ചെയ്ത് ബി.ജെ.പി. ഇന്ത്യയിലെ മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കാണോ അതോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കു മാത്രമാണോ ഈ ഓഫര്‍ എന്നു വ്യക്തമല്ല.
മേഘാലയ, നാഗാലന്റ്, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മാസം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ വാഗ്ദാനം. മേഘാലയയില്‍ 75% വും ക്രിസ്ത്യാനികളാണ്. നാഗാലന്റില്‍ 88%വും ക്രിസ്ത്യാനികളാണ്. ഇവിടങ്ങളില്‍ ക്രൈസ്തവസഭ പരസ്യമായി ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യരുതെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ്ത്യാനികള്‍ക്ക് ഈ “ഓഫറു”മായി ബി.ജെ.പി മുന്നോട്ടുവന്നിരിക്കുനനത്.
“നാഗാലന്റില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് ജറുസലേമിലേക്ക് സൗജന്യ യാത്ര ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുകയാണ്.” എന്നാണ് വാര്‍ത്താ മാധ്യമമായ വീദനാഗാസ് ട്വീറ്റു ചെയ്തത്.
ഹജ്ജ് സബ്‌സിഡി റദ്ദാക്കിയതു പരിഗണിക്കുമ്പോള്‍ ബി.ജെ.പിയുടെ പുതിയ ഓഫര്‍ അവസരവാദ നയമാണെന്നും കാപട്യമാണെന്നുമാണ് ചിലര്‍ പറയുന്നത്.
“സൗജന്യമായി ക്രിസ്ത്യാനികളെ അയക്കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ആവശ്യമെങ്കില്‍ ബി.ജെ.പി സബ്‌സിഡി തുടരുമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞത് ശരിയാണ്. ഇതാണ് ഇന്ത്യാ ഫസ്റ്റ് എന്നതുകൊണ്ട് ബി.ജെ.പി അര്‍ത്ഥമാക്കുന്നത്.” ബി.ജെ.പി നിലപാടിനോടു പ്രതികരിച്ചുകൊണ്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റു ചെയ്തു.
ന്യൂനപക്ഷ സമുദായങ്ങളെ അന്തസ്സോടെ ശാക്തീകരിക്കുന്നതിലാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്നും അല്ലാതെ പ്രീണിപ്പിക്കുന്നതിലല്ലെന്നും പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി റദ്ദാക്കിയത്.