2023 ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്.
വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരിന്റെയും സെഞ്ച്വറി നേട്ടമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 113 പന്തില്‍ 117 റണ്‍സ് നേടിയപ്പോള്‍ 70 പന്തില്‍ 105 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ വിരാടിന്റെ മൂന്നാം സെഞ്ച്വറിയും ഏകദിനത്തിലെ 50ാം സെഞ്ച്വറി നേട്ടവുമാണിത്.
അഞ്ച് ലോകകപ്പുകള്‍ക്കിപ്പുറം ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ സെഞ്ച്വറി നേടുന്നത്. 2003 ലോകകപ്പില്‍ കെനിയക്കെതിരെ നായകന്‍ സൗരവ് ഗാംഗുലി നേടിയതിന് ശേഷം നാളിതുവരെ ഒരു താരത്തിന് പോലും ലോകകപ്പ് സെമി ഫൈനലില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല.
114 പന്തില്‍ പുറത്താകാതെ 111 റണ്‍സാണ് ഗാംഗുലി നേടിയത്. അഞ്ച് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ദാദയുടെ ഇന്നിങ്‌സ്.
അതിന് ശേഷം 2007ലൊഴികെ ഇന്ത്യ നാല് ലോകകപ്പ് സെമി ഫൈനല്‍ കളിച്ചെങ്കിലും ഒരു താരത്തിന് പോലും ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
സെമി ഫൈനല്‍ മത്സരങ്ങള്‍ സ്ഥിരമായി പരാജയപ്പെടുന്നവരെന്ന ദുഷ്‌പേരിനും വിരാട് ഈ സെഞ്ച്വറി നേട്ടത്തോടെ അന്ത്യമിട്ടു. നോക്കൗട്ട് മത്സരങ്ങളില്‍ ഒറ്റയക്കങ്ങളില്‍ പുറത്തായ വിരാട് നിരവധി ഐതിഹാസിക നേട്ടങ്ങളോടെയാണ് ഈ സെമിയില്‍ തരംഗമായത്.
29 പന്തില്‍ 47 റണ്‍സടിച്ചാണ് രോഹിത് പുറത്തായത്. നാല് ബൗണ്ടരിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഈ വെടിക്കെട്ടിന് പിന്നാലെ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡും രോഹിത്തിനെ തേടിയെത്തി. 51 സിക്‌സറാണ് ലോകകപ്പുകളില്‍ ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 49 സിക്‌സറടിച്ച ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് പിന്തള്ളിയത്.
ശുഭ്മന്‍ ഗില്‍ 66 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 20 പന്തില്‍ 39 റണ്‍സാണ് രാഹുല്‍ നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 397ലെത്തി.
ന്യൂസിലസാന്‍ഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
Content Highlight: After Sourav Ganguly Virat Kohli and Shreyas Iyer scored century in World Cup semi finals