ഗുവാഹത്തി: ത്രിപുരയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടി വിട്ട് പുറത്തുപോയ നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ്, വൈസ് പ്രസിഡന്റ് തപസ് ദേ, ജനറല്‍ സെക്രട്ടറി തേജന്‍ ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പൂജന്‍ ബിശ്വാസ് തുടങ്ങിയവരാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്.
ത്രിപുര ഡെമോക്രാറ്റിക് ഫ്രന്റ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
രണ്ടാഴ്ച മുമ്പ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ത്രിപുര കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പിജുഷ് കാന്തി ബിശ്വാസിനെ മാറ്റി മുന്‍ മന്ത്രി ബിരാജിത് സിന്‍ഹയെ നിയമിച്ചിരുന്നു. മറ്റ് അഞ്ച് പേരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു.
ഈ തീരുമാനം ബിശ്വാസിനെയും അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കളെയും പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇവര്‍ പാര്‍ട്ടി ഉപേക്ഷിക്കുകയും ചെയ്തു.
പുതുതായി നിയമിക്കപ്പെട്ട വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളായ പൂര്‍ണിതാ ചക്മയും ടി.ഡി.എഫില്‍ ചേര്‍ന്നു. മറ്റൊരു കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ പ്രൊഫ. മണിക് ദേബ് ഉടന്‍ ടി.ഡി.എഫില്‍ ചേരാന്‍ സാധ്യതയുണ്ട്.