| Monday, 12th October 2020, 2:28 pm

അടച്ചിടലിന് ശേഷമുള്ള പുതിയ തുടക്കം; പ്രതീക്ഷയോടെ വയനാട്ടിലെ ടൂറിസം മേഖല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആറ് മാസത്തെ അടച്ചിടലുകള്‍ക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്.

കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെങ്കിലും ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിനുള്ള അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

കൊവിഡ് 19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളം അവലംബിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.

മാത്രമല്ല കൊവിഡ് ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട മേഖലയെന്നതുകൂടി കണിക്കിലെടുത്താണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

വയനാട്ടിലെ ടൂറിസം മേഖലയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്നാണ് റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനം ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആളുകള്‍ ഇത്രയും കാലം വീടിനുള്ളില്‍ ഇരിക്കേണ്ടി വന്നു. പുറത്തുപോയി റിലാക്‌സ് ചെയ്യണമെന്ന മാനസിക നിലയില്‍ തന്നെയാകും മിക്കവരും. അതുകൊണ്ട് തന്നെ ഗസ്റ്റുകള്‍ വരുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നാണ് വയനാട്ടിലെ വൂഡ്‌സ് റിസോര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ ദീപക് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മാര്‍ച്ച് 20 നാണ് ഞങ്ങള്‍ റിസോര്‍ട്ട് അടച്ചത്. ഇടയ്ക്ക് മെയിന്റനന്‍സെല്ലാം നടത്തിയിരുന്നു. ഈ മാസം 9ാം തിയതി മുതല്‍ ഞങ്ങള്‍ റിസോര്‍ട്ടുകള്‍ തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് തുറന്നിരിക്കുന്നത്.

ഗസ്റ്റുകള്‍ വരുമ്പോള്‍ അവരുടെ മുഴുവന്‍ ലഗേജും സാനിറ്റൈസ് ചെയ്തും അവരുടെ ടെംപറച്ചേര്‍ നോക്കിയുമാണ് പ്രവേശിപ്പിക്കുന്നത്. മുഴുവനായും സാനിറ്റൈസേഷന്‍ കഴിഞ്ഞ ശേഷമാണ് അവര്‍ക്ക് മുറികള്‍ നല്‍കുന്നത്. 72 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമെ ഈ മുറി മറ്റൊരു ഗസ്റ്റിന് നല്‍കുകയുള്ളൂ. ഇത്തരത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലും വരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സ്റ്റാഫുകളുടെ കാര്യത്തിലും സമാനമായ സുരക്ഷാ മുന്‍കരുതല്‍ തന്നെയാണ് സ്വീകരിച്ചതെന്നാണ് ദീപക് ബാബു പറഞ്ഞത്.

സാമൂഹ്യഅകലം പാലിച്ചും സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തിയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഇവിടുത്തെ കാര്യം പറയുകയാണെങ്കില്‍ കോട്ടേജുകള്‍ തമ്മില്‍ അകലമുണ്ട്. അതുകൊണ്ട് തന്നെ സാമൂഹ്യഅകലം ഉറപ്പുവരുത്താനാകും. അതിഥികള്‍ക്കും അത് സൗകര്യമാകും.
ഇതിനൊപ്പം തന്നെ മൂന്ന് മാസത്തേക്ക് പ്രത്യേക പാക്കേജുകളും അതിഥികള്‍ക്കായി ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായും അടച്ചിട്ടതായിരുന്നെങ്കിലും മെയിന്റന്‍സും മറ്റുമായി തൊഴിലാളികള്‍ക്ക് കുറച്ചുദിവസമെങ്കിലും ജോലി നല്‍കാനായെന്നും മുഴുവനായി അവരെ ഒഴിവാക്കുന്നതിന് പകരം കഴിയാവുന്ന രീതിയില്‍ അവര്‍ക്ക് ഡ്യൂട്ടിയും ശമ്പളവും നല്‍കിയാണ് മുന്നോട്ടുപോയതെന്നും ഇദ്ദേഹം പറഞ്ഞു. ഇനി പഴയപോലെ കാര്യങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.

കൊവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം.

വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം.

നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡി.ടി.പി.സി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം.

ഹോട്ടല്‍ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After six-month closure Wayanad Tourism Centers and Resorts Await Guests

We use cookies to give you the best possible experience. Learn more