| Friday, 10th February 2023, 10:50 am

ബ്രാഡ്മാന് ശേഷം രോഹിത് മാത്രം; കരിയര്‍ അവസാനിച്ചെന്ന് കളിയാക്കിയവരോട് അതൊരു ഇടവേള മാത്രമെന്ന് പറഞ്ഞ ഇന്നിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോറിങ്ങിനെ മുമ്പില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വിദര്‍ഭയിലെ പ്രധാന കാഴ്ച. ആദ്യ ദിവസം തുടര്‍ന്ന അതേ പ്രകടനം തന്നെയാണ് രോഹിത് രണ്ടാം ദിവസവും പുറത്തെടുക്കുന്നത്.

അര്‍ധ സെഞ്ച്വറി തികച്ചായിരുന്നു രോഹിത് ശര്‍മ ആദ്യ ദിവസം കളിയവസാനിപ്പിച്ചത്. ദി വിന്റേജ് ഹിറ്റ്മാന്‍ ഈസ് ബാക്ക് എന്ന് തന്റെ വിമര്‍ശകരെ കൊണ്ട് പോലും പറയിപ്പിക്കുന്ന ക്ലാസിക് ഇന്നിങ്‌സായിരുന്നു രോഹിത് പുറത്തെടുത്തത്.

ഇതോടെ സ്വന്തം മണ്ണില്‍ ഏറ്റവുമധികം ശരാശരിയുള്ള ആക്ടീവ് ക്രിക്കറ്ററാകാനും രോഹിത്തിന് സാധിച്ചു. ക്രിക്കറ്റിന്റെ അള്‍ട്ടിമേറ്റ് ലെജന്‍ഡ് സര്‍ ഡൊണ്‍ ബ്രാഡ്മാന് ശേഷം സ്വന്തം മണ്ണില്‍ ഏറ്റവുമധികം ആവറേജുള്ള താരമാകാനും രോഹിത്തിന് ഇതോടെ സാധിച്ചു.

75.12 ആണ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത്തിന്റെ നിലവിലെ ശരാശരി. രോഹിത്തിന് ശേഷം ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാനാണ് പട്ടികയില്‍ മൂന്നാമനായി ഇടം പിടിച്ചിരിക്കുന്നത്.

ഹോം മത്സരങ്ങളില്‍ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ആവറേജ് (മിനിമം 30 ഇന്നിങ്‌സ്)

സര്‍ ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 98.22

രോഹിത് ശര്‍മ – ഇന്ത്യ – 75.12

മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – 70.50

77 റണ്‍സുമായി രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യ ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിയുമ്പോള്‍ 39 ഓവറില്‍ 117ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

108 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ 73 റണ്‍സുമായി രോഹിത് ശര്‍മ ഇന്ത്യക്കായി ക്രീസിലുണ്ട്. 56 പന്തില്‍ നിന്നും 22 റണ്‍സുമായി അശ്വിനാണ് രോഹിത്തിനൊപ്പം കളിക്കുന്നത്.

71 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് ഒന്നാം ദിവസം തന്നെ നഷ്ടമായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കളെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കിയിരുന്നു. 63.5 ഓവറില്‍ 177 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടായി.

22 ഓവറില്‍ 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 15.5 ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ഇന്ത്യക്കായി തിളങ്ങി. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സിറാജും ഷമിയും മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്.

Content highlight: After Sir Don Bradman, Rohit Sharma has highest test average at home

We use cookies to give you the best possible experience. Learn more