|

എട്ടില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം! ഐക്കോണിക് ഡബിള്‍ നേട്ടത്തില്‍ ബുംറ; ശുഭ്മന്‍ ഗില്ലിന് ശേഷം ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ മാസത്തിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. പുരുഷ വഭാഗത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡാണ് പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ സ്പിന്നര്‍ ഡെയ്ന്‍ പാറ്റേഴ്‌സണ്‍ എന്നിവരെ മറികടന്നാണ് ബുംറ പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന, സൗത്ത് ആഫ്രിക്കന്‍ താരം നോന്‍കുലുലേകോ എംലാബ എന്നിവരെയാണ് സതര്‍ലാന്‍ഡ് പരാജയപ്പെടുത്തിയത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബുംറയെ തേടി ഈ നേട്ടമെത്തിയത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ സൂപ്പര്‍ പേസറെ തേടിയെത്തി.

ഒന്നിലധികം തവണ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ രണ്ടാമത് ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതോടെ ബുംറ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. യുവതാരം ശുഭ്മന്‍ ഗില്ലിന് മാത്രമാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാര നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചത്. ബുംറയും ഗില്ലും ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍

റിഷബ് പന്ത് – 2021 ജനുവരി

ആര്‍. അശ്വിന്‍ – 2021 ഫെബ്രുവരി

ശ്രേയസ് അയ്യര്‍ – 2022 ഫെബ്രുവരി

വിരാട് കോഹ്‌ലി – 2022 ഒക്ടോബര്‍

ശുഭ്മന്‍ ഗില്‍ – 2023 ജനുവരി

ശുഭ്മന്‍ ഗില്‍ – 2023 സെപ്റ്റംബര്‍

യശസ്വി ജെയ്‌സ്വാള്‍ – 2024 ഫെബ്രുവരി

ജസ്പ്രീത് ബുംറ – 2024 ജൂണ്‍

ജസ്പ്രീത് ബുംറ – 2024 ഡിസംബര്‍

*2021 മുതലാണ് പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്.

ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം മാത്രമല്ല, അതുക്കും മേലെയുള്ള രണ്ട് പുരസ്‌കാരങ്ങളിലേക്കും ബുംറ കണ്ണുവെക്കുന്നുണ്ട്. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവുമാണ് ഇത്. രണ്ട് പുരസ്‌കാരങ്ങളും ബുംറയ്ക്ക് ലഭിക്കാനുള്ള സാധ്യതകളും വലുതാണ്.

എന്നാല്‍ ഈ പോരാട്ടങ്ങള്‍ ഒട്ടും എളുപ്പമല്ല, കാരണം എതിരാളികള്‍ അത്ര കണ്ട് ശക്തരാണ് എന്നതുതന്നെയാണ് ഇതിന് കാരണവും.

ഈ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും നിലവിലെ ടെസ്റ്റ് ബാറ്റര്‍മാരിലെ ഒന്നാം റാങ്കുകാരനും ഫ്യൂച്ചര്‍ ലെജന്‍ഡും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ടാണ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നോമിനേഷന്‍ ലിസ്റ്റിലെ പ്രധാനി. റൂട്ടിന്റെ ക്രൈം പാര്‍ട്ണറും നിലവിലെ ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിലെ രണ്ടാമനുമായ ഹാരി ബ്രൂക്കാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ രണ്ടാമന്‍. ഫോര്‍മാറ്റ് ഏതായാലും ഇന്ത്യയെ വെള്ളം കുടിപ്പിക്കുന്ന ട്രാവിസ് ഹെഡാണ് ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള പോരാട്ടത്തിലെ നാലാമന്‍.

ഐ.സി.സി ടെസ്റ്റ് താരങ്ങളുടെ നോമിനേഷന്‍ ലിസ്റ്റിലും ബുംറയ്ക്ക് ഭീഷണിയുമായി റൂട്ടും ബ്രൂക്കുമുണ്ട്. ശ്രീലങ്കന്‍ സൂപ്പര്‍ താരം കാമിന്ദു മെന്‍ഡിസാണ് പുരസ്‌കാരത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നാലാമത് താരം.

Content highlight: After Shubman Gill, Jasprit Bumrah becomes the first player to win ICC player of the month award multiple times