| Sunday, 11th September 2022, 3:24 pm

ലോകത്തെ മുഴുവന്‍ ഹിന്ദു വിശ്വാസികളുടെയും പ്രതിനിധിയല്ല നിങ്ങള്‍; ഹിന്ദു മതത്തെ അപമാനിച്ചതിന് തെളിവുണ്ടെങ്കില്‍ കാണിക്ക്; വി.എച്ച്.പിക്ക് കത്തെഴുതി കുനാല്‍ കമ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ എന്നീ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തന്റെ ഷോ റദ്ദാക്കിയതിന് പിന്നാലെ വി.എച്ച്.പിക്ക് കത്തെഴുതി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.

സംഘപരിവാര്‍ സംഘടനകളായ വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്റയും നേതാക്കളുടെ ഭീഷണിയും പ്രതിഷേധ മുന്നറിയിപ്പും കാരണമാണ് ഹരിയാനയിലെ ഗുഡ്ഗാവില്‍ അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന കമ്രയുടെ പരിപാടി റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് കുനാല്‍ കമ്ര വി.എച്ച്.പിക്ക് തുറന്ന കത്തെഴുതിയത്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ തള്ളിപ്പറഞ്ഞുകൊണ്ട് തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദു അനുകൂല സംഘടനയാണെന്ന് തെളിയിക്കാനാണ് കത്തില്‍ കമ്ര വി.എച്ച്.പി നേതാക്കളോട് ആവശ്യപ്പെടുന്നത്. ഹിന്ദു മതത്തെ താന്‍ അനാദരിച്ചുവെന്നതിന് തെളിവ് കാണിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

”ബഹുമാനപ്പെട്ട ഹിന്ദു പരിഷത്ത്, നിങ്ങളുടെ പേരിനൊപ്പം ഹിന്ദു എന്ന പ്രീഫിക്‌സ് ഞാന്‍ ഉപയോഗിച്ചിട്ടില്ല, കാരണം ഈ ലോകത്തിലെ ഹിന്ദുക്കളെല്ലാം നിങ്ങളെ അവരുടെ വിശ്വാസത്തിന്റെ പ്രതിനിധിയായി ഉപരോധിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

നിങ്ങള്‍ ക്ലബ് ഉടമയെ ഭീഷണിപ്പെടുത്തി ഗുഡ്ഗാവിലെ എന്റെ ഷോ റദ്ദാക്കി. അദ്ദേഹത്തെ ഞാന്‍ എങ്ങനെ കുറ്റപ്പെടുത്തും? അദ്ദേഹത്തിന് ഒരു ബിസിനസ് നടത്തണം, പിന്നെങ്ങനെ ഗുണ്ടകളെ നേരിടും?

പൊലീസിന്റടുത്തും അദ്ദേഹം പോകില്ല. ഇനി അദ്ദേഹം പൊലീസിനെ സമീപിച്ചാലും പൊലീസ് നിങ്ങളുടെ അടുത്ത് വന്ന് ഒരു അപേക്ഷ നല്‍കും. കാരണം മുഴുവന്‍ സംവിധാനവും നിങ്ങളുടേതാണ്. എന്നാല്‍ നിങ്ങള്‍ കുറ്റപ്പെടുത്തുന്നത് പോലെ എപ്പോഴാണ് ഞാന്‍ ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചത്, അനാദരവ് കാണിച്ചത്?,” കമ്ര കത്തില്‍ പറഞ്ഞു.

താന്‍ ഹിന്ദു മതത്തെ അപമാനിച്ചു എന്ന ആരോപണത്തിന് തെളിവ് കാണിക്കാനും കുനാല്‍ കമ്ര വി.എച്ച്.പിയോട് ആവശ്യപ്പെട്ടു.

”ഞാന്‍ ഹിന്ദു മതത്തെ അപമാനിച്ചു എന്നതിന് തെളിവായി എന്തെങ്കിലും ക്ലിപ്പോ ഷോയോ ഉണ്ടെങ്കില്‍ അത് എനിക്കുംകൂടി കാണിക്കൂ. സര്‍ക്കാരിനെ പരിഹസിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

നിങ്ങള്‍ സര്‍ക്കാരിന്റെ വളര്‍ത്തുമൃഗമാണെങ്കില്‍, നിങ്ങള്‍ക്കത് കൊള്ളും. ഇതിലേക്ക് എങ്ങനെയാണ് ‘ഹിന്ദു’ വന്നത്? ദൈവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ആരെയെങ്കിലും ബോധിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ജയ് സീതാ റാം എന്നും ജയ് രാധാ കൃഷ്ണ എന്നും ഞാന്‍ ഉറക്കെ, അഭിമാനത്തോടെ പറയുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മക്കളാണെങ്കില്‍ ‘ഗോഡ്സെ മൂര്‍ദാബാദ്’ എന്ന് എഴുതൂ. അല്ലാത്തപക്ഷം നിങ്ങള്‍ ഒരു ഹിന്ദു വിരുദ്ധരും തീവ്രവാദത്തെ അനുകൂലിക്കുന്നവരുമാണെന്ന് ഞാന്‍ കരുതും.

നിങ്ങള്‍ ഗോഡ്സെയെ ദൈവമായി കണക്കാക്കുന്നുണ്ടോ. അങ്ങനെയുണ്ടെങ്കില്‍, ഭാവിയിലും എന്റെ ഷോകള്‍ റദ്ദാക്കുന്നത് തുടരുക.

ഒരു ഹിന്ദുവാണെന്ന പരീക്ഷയില്‍ നിങ്ങളേക്കാള്‍ കൂടുതല്‍ വിജയിച്ചതില്‍ ഞാന്‍ സന്തോഷിക്കും. എന്റെ കഠിനാധ്വാനത്തിന്റെ ഫലം എനിക്ക് ലഭിക്കും,” കുനാല്‍ കമ്ര കത്തില്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പരിപാടിയ്ക്കിടെ കുനാല്‍ ഹിന്ദു ദേവതകളെയും ദൈവങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗുഡ്ഗാവിലെ സ്റ്റുഡിയോ എക്സ് ഓ ബാറിലെ സെക്ടര്‍ 29ല്‍ സെപ്റ്റംബര്‍ 17,18 തീയതികളില്‍ നടത്താനിരുന്ന പരിപാടിയാണ് ഇതോടെ റദ്ദാക്കിയത്.

അനുമതി നല്‍കിയാല്‍ പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും മുടക്കുമെന്നും സംഘം ഭീഷണി മുഴക്കിയിരുന്നു.

കുനാലിന്റെ പരിപാടി റദ്ദാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമോറാണ്ടവും നല്‍കിയിരുന്നു.

കുനാല്‍ കമ്ര അദ്ദേഹത്തിന്റെ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ദേവതകളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഗുഡ്ഗാവില്‍ പരിപാടി നടന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ ഇതിനെതിരെ വി.എച്ച്.പിയും ബജ്റംഗ്ദളും ശക്തമായി പ്രതിഷേധിക്കും, എന്നായിരുന്നു മെമ്മോറാണ്ടത്തില്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്നാണ് പരിപാടി നടക്കേണ്ടിയിരുന്ന ബാറിന്റെ മാനേജ്‌മെന്റ് അത് റദ്ദാക്കിയത്.

Content Highlight: After show cancelled, Kunal Kamra writes letter to VHP, says show the proof if he disrespected Hinduism

We use cookies to give you the best possible experience. Learn more