രഞ്ജി ട്രോഫിയില്‍ പുതുച്ചേരിയോട് ഒമ്പത് വിക്കറ്റിന്റെ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും യാഷ് ധുള്ളിനെ പുറത്താക്കി ദല്‍ഹി. സീനിയര്‍ താരം ഹിമ്മത് സിങ്ങിനെയാണ് ദല്‍ഹി പകരം ക്യാപ്റ്റന്‍സിയേല്‍പിച്ചിരിക്കുന്നത്.
ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഓപ്പണറില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ യാഷ് ധുള്ളിന് സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റര്‍ എന്ന നിലയിലും താരം തിളങ്ങിയിരുന്നില്ല. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 25 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ആദ്യ ഇന്നിങ്‌സില്‍ വെറും 148 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഓപ്പണറായി കളത്തിലെത്തിയ ക്യാപ്റ്റന്‍ യാഷ് ധുള്‍ 14 പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടി പുറത്തായി. ടീം പ്രതീക്ഷ വെച്ച സൂപ്പര്‍ താരങ്ങളും മങ്ങിയതോടെയാണ് ദല്‍ഹിക്ക് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാതെ പോയത്.
എട്ടാം നമ്പറില്‍ ഇറങ്ങിയ ഹര്‍ഷ് ത്യാഗിയാണ് ആദ്യ ഇന്നിങ്‌സില്‍ ദല്‍ഹിയുടെ ടോപ് സ്‌കോറര്‍. 49 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്.
പുതുച്ചേരിക്കായി ആദ്യ ഇന്നിങ്‌സില്‍ ഗൗരവ് യാദവ് ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ അബിന്‍ മാത്യുവും ഒരു വിക്കറ്റ് നേടിയ സൗരഭ് യാദവുമാണ് ദല്‍ഹിയുടെ പതനം പൂര്‍ത്തിയാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ സന്തോഷ് രത്‌നപാര്‍ക്കെയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ പുതുച്ചേരി ലീഡ് നേടിയിരുന്നു. 94 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. 45 പന്തില്‍ 44 റണ്‍സ് നേടിയ കൃഷ്ണ പാണ്ഡേയും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ഒടുവില്‍ 244 റണ്‍സില്‍ പുതുച്ചേരി ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. നാല് വിക്കറ്റ് നേടിയ ഹൃതിക് ഷോകീനും മൂന്ന് വിക്കറ്റ് നേടിയ ഹിമാന്‍ഷു ചൗഹാനുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.
96 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദല്‍ഹിക്ക് ഇത്തവണയും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എട്ടാം നമ്പറില്‍ ഇറങ്ങിയ ഹര്‍ഷ് ത്യാഗിയാണ് ഇത്തവണയും ടീമിന്റെ ടോപ് സ്‌കോററായത്. 56 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 24 റണ്‍സ് നേടിയ ലക്ഷയ് തരേജയും 23 റണ്‍സ് നേടിയ യാഷ് ധുള്ളുമാണ് മറ്റ് സ്‌കോറര്‍മാര്‍.
ഒടുവില്‍ രണ്ടാം ഇന്നിങ്‌സില്‍ ദല്‍ഹി 145ന് ഓള്‍ ഔട്ടായി.
50 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പുതുച്ചേരി മറികടക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച യാഷ് ധുള്ളിന് ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങേണ്ടി വന്നത്.
രഞ്ജിയില്‍ ജനുവരി 12നാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ജമ്മു ആന്‍ഡ് കശ്മീരാണ് എതിരാളികള്‍. മത്സരത്തില്‍ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ദല്‍ഹി ഇറങ്ങുക.
Content highlight: After shocking loss to Puducherry Delhi removed Yash Dhull from captaincy