സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ഹിലാലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് അല്‍ നസര്‍ പുറത്തായിരുന്നു. മത്സരത്തിനിടെ അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.
മത്സരത്തിന്റെ 86ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ത്രോ എടുക്കുന്നതിനിടെ അല്‍ ഹിലാല്‍ താരത്തിനെ റൊണാള്‍ഡോ എല്‍ബോയിലൂടെ താഴെ വീഴ്ത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് റഫറി റൊണാള്‍ഡോക്കെതിരെ ഡയറക്റ്റ് റെഡ് കാര്‍ഡ് നല്‍കിയത്.
ഇപ്പോഴിതാ ചുവപ്പുകാര്‍ഡ് കണ്ടതിന് പിന്നാലെ സൗദി ലീഗിലെ അടുത്ത രണ്ട് മത്സരങ്ങളില്‍ റൊണാള്‍ഡോക്ക് വിലക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്‍ റിയാദിയയുടെ റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോയ്ക്ക് വരാനിരിക്കുന്ന രണ്ട് മത്സരങ്ങള്‍ നഷ്ടമാവുമെന്നും കളത്തിലെ മോശം പെരുമാറ്റത്തിനെതിരെ 20,000 തുക പിഴയായി അടയ്‌ക്കേണ്ടി വരുമെന്നുമാണ് പറയുന്നത്. ഇതോടെ സൗദി ലീഗില്‍ ഏപ്രില്‍ 19ന് അല്‍ ഫെയ്ഹക്കെതിരെ നടക്കുന്ന മത്സരവും ഏപ്രില്‍ 27ന് അല്‍ ഖലീജിനെതിരെയുള്ള മത്സരവും റൊണാള്‍ഡോയ്ക്ക് നഷ്ടമാവും.
അതേസമയം കളിക്കളത്തില്‍ റൊണാള്‍ഡോ എതിരാളിയെ എല്‍ബോ കൊണ്ട് അടിക്കുമ്പോള്‍ അമിതമായ പ്രയോഗം നടത്തിയെന്നും ഇതാണ് റൊണാള്‍ഡോക്കെതിരെ ചുവപ്പുകാര്‍ഡ് കാണിച്ചതെന്നാണ് മാച്ച് റഫറി പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കളിക്കളത്തില്‍ റഫറിയുടെ ഈ തീരുമാനത്തിനെതിരെ റൊണാള്‍ഡോ എതിര്‍ക്കുകയും ദേഷ്യത്തോടെ പെരുമാറുകയും ചെയ്തിരുന്നു.
അതേസമയം മത്സരത്തില്‍ സലിം അല്‍ഡസറിയും മാല്‍ക്കോവുമാണ് അല്‍ ഹിലാലയനായി ഗോളുകള്‍ നേടിയത്. സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനയിലൂടെ ആയിരുന്നു അല്‍ നാസര്‍ ആശ്വാസഗോള്‍ നേടിയത്.
നിലവില്‍ സൗദി ലീഗില്‍ 27 മത്സരങ്ങളില്‍ നിന്നും 21 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 65 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി 12 പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിനുള്ളത്.
Content Highlight: After seeing the red card, there are reports that Cristaino Ronaldo will be banned for the next two matches in the Saudi pro League