| Tuesday, 24th May 2022, 5:45 pm

സാഹയ്ക്ക് പിന്നാലെ മറ്റൊരു താരത്തിന്റെ കൂടി അന്തകനായി രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കളിക്കാരിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി ദ്രാവിഡ് നിയമിക്കപ്പെട്ടിട്ട് മാസങ്ങള്‍ മാത്രമേ ആവുന്നുള്ളൂ.

രവി ശാസ്ത്രി-വിരാട് കോഹ്‌ലി യുഗത്തിന് ശേഷം ടീമിനെ ഒരിക്കല്‍ക്കൂടി കെട്ടിപ്പടുത്തുക എന്ന വലിയ കര്‍ത്തവ്യം ദ്രാവിഡിന് മുമ്പിലുണ്ടായിരുന്നു. യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള കോച്ചാണ് രാഹുല്‍ ദ്രാവിഡ്.

കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടി-20 ടീമിനെ സെലക്റ്റ് ചെയ്തത്. രോഹിത്തിന് വിശ്രമം അനുവദിക്കുമ്പോള്‍ ടീമിനെ നയിക്കുമെന്ന് കരുതിയിരുന്ന ധവാന് ടീമില്‍ അവസരം പോലും ലഭിച്ചിരുന്നില്ല.

ഈ ഐ.പി.എല്ലില്‍ ഉടനീളം മികച്ച പ്രകടനമായിരുന്നു ധവാന്‍ നടത്തിയത്. 14 കളികളില്‍ നിന്നും 460 റണ്‍സ് സ്വന്തമാക്കിയിട്ടും ധവാന്‍ സെലക്ടര്‍മാരുടെ കണ്ണില്‍ രണ്ടാം തരക്കാരനാവുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിലെടുക്കാത്തതിന് പിന്നാലെ ഇനി താരത്തെ അന്താരാഷ്ട്ര ടി-20 ടീമിലെടുക്കില്ല എന്നാണ് ബി.സി.സി.ഐയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ദ്രാവിഡ് ഇക്കാര്യം നേരിട്ട് ധവാനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു.

‘വര്‍ഷങ്ങളായി ധവാന്‍ ടീമിന് മുതല്‍കൂട്ടാണ്. എന്നാല്‍ ടി-20യില്‍ നമ്മള്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണം. ദ്രാവിഡിന്റെ ശക്തമായ തീരുമാനത്തെ ഞങ്ങള്‍ ശരിവെക്കുകയായിരുന്നു,” ബി.സി.സി.ഐ ഉദ്യോഗ്യസ്ഥര്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാഹയേയും ദ്രാവിഡ് ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.

വര്‍ഷങ്ങളായി ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ധവാന്‍ കാഴ്ചവെക്കുന്നത്. ഐ.പി.എല്‍ 2021ല്‍ 587 റണ്ണും 2020ല്‍ 618 റണ്ണുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഐ.പി.എല്‍ 2016 മുതലുള്ള എല്ലാ സീസണിലും 450ന് മുകളില്‍ ധവാന്‍ സ്‌കോര്‍ ചെയതിട്ടുണ്ട്. ഇതില്‍ അഞ്ച് തവണ 500ന് മുകളിലും ഒരു തവണ 600നു മുകളിലും താരം സ്‌കോര്‍ നേടിയിട്ടുണ്ട്.

ഇത്രയും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ വെറും 7 കളി മാത്രമേ ധവാന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളു എന്നതാണ് മറ്റൊരു വസ്തുത.

ഈ ഏഴ് കളിയില്‍ നിന്നും 24 ശരാശരിയില്‍ 171 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 111 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ധവാന്‍ സ്‌കോര്‍ ചെയ്യുന്നത്.

Content Highlight: After Saha, Rahul Dravid ends the career of another star

We use cookies to give you the best possible experience. Learn more